കണ്ണൂർ :കിടപ്പുരോഗികള്‍ക്ക് മാലാഖയാണ് കണ്ണൂര്‍ ബക്കളം സ്വദേശി ശോഭന. ഒരു രൂപ പോലും വാങ്ങാതെ രോഗികളെ വീട്ടിൽ ചെന്ന് പരിചരിക്കും ഈ നഴ്‌സ്. തളിപ്പറമ്പ് ഏഴാം മൈലില്‍ ഉള്ള സഞ്ജീവനി സാന്ത്വനവീട്ടിൽ നിന്ന് രാവിലെ 8.30 ന് പര്യടനം ആരംഭിക്കും. സേവനങ്ങളുറപ്പാക്കാന്‍ നഴ്‌സും ഡ്രൈവറും ആംബുലൻസ് സംവിധാനവുമുണ്ട് (Kannur Bakkalam Palliative Unit).
രോഗികളെ പരിചരിക്കുന്നതിലെ ശോഭന ടച്ച് കണ്ടുപഠിക്കാന്‍ മെഡിക്കൽ കോളജിലെ നഴ്‌സിങ് വിദ്യാർഥികളും ചിലപ്പോഴൊക്കെ ഒപ്പമുണ്ടാകും. അവരുടെ ടീച്ചർ കൂടിയാണിന്ന് അവർ. റൂട്ട് മാപ്പ് ഒരുക്കിയാണ് ശോഭനയുടെ യാത്ര. 150 ഓളം കിലോമീറ്റർ യാത്ര ചെയ്ത് 25 മുതൽ 30 വരെ കിടപ്പുരോഗികളെ പ്രതിദിനം ചികിത്സിക്കും.
ഒരു ലക്ഷത്തിലധികം രൂപയുടെ ചികിത്സയാണ് സൗജന്യ സേവനമായി ഇവര്‍ പ്രതിമാസം ലഭ്യമാക്കുന്നത്. കല്യാശ്ശേരി, പട്ടുവം, പരിയാരം, കുറുമാത്തൂർ, ചെങ്ങളായി തുടങ്ങിയ പഞ്ചായത്തുകളിലും ആന്തൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റികളിലും ദൂരം മറന്ന് രോഗികൾക്ക് കൈത്താങ്ങാവാൻ ശോഭനയും സംഘവും എത്തും. ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ ബാധിച്ച് കിടപ്പിലായവര്‍ക്കും,പക്ഷാഘാതം, പ്രമേഹം തുടങ്ങിയവ ബാധിച്ച് വലയുന്നവര്‍ക്കും ചികിത്സാസാന്ത്വനമേകും (Care For Bedridden Patients).