കണ്ണൂർ: ദേശീയ വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പാരമ്പര്യത്തിന്‍റെ കരുത്തുമായി ഹരിയാന താരം നൂപൂർ മത്സരിക്കാനിറങ്ങുന്നു. ഇന്ത്യൻ ബോക്‌സിങ്ങിന്‍റെ പിതാവും ഇതിഹാസവുമായ ഹവാ സിംഗിന്‍റെ കൊച്ചുമകൾ കൂടിയാണ് നൂപൂർ.
60 വർഷത്തെ ബോക്‌സിങ് പാരമ്പര്യവുമായാണ് നൂപൂർ റിങിലേക്ക് സ്വർണം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഹവാ സിംഗിന്‍റെ മകനും മുൻ അന്തർദേശീയ താരവുമായ സഞ്ജയ് കുമാർ തന്നെയാണ് മകളെ പരിശീലിപ്പിക്കുന്നതും. 1993 ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവു കൂടിയാണ് സഞ്ജയ് കുമാർ. ഹവാ സിംഗ് സ്ഥാപിച്ച ഭിവാനി ബോക്‌സിങ് ക്ലബിന്‍റെ പരിശീലകനാണ് സഞ്ജയ് കുമാർ. സ്വന്തം മകൾ മികച്ച വിജയം നേടുമെന്നും പാരമ്പര്യം കാക്കുമെന്നും സഞ്ജയ് കുമാർ പറയുന്നു.