കണ്ണൂർ :മുസ്ലിം ലീഗിനെയാരും എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എന്നാൽ എൽ.ഡി.എഫിൻ്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷിക്കപ്പെട്ടാണ് പലരും ഇങ്ങോട്ടുവരുന്നത്. 'ഇപ്പോൾ തന്നെ 99 സീറ്റുകൾ എൽ.ഡി.എഫിനുണ്ട്. തുടർ ഭരണവും കിട്ടി. ഇനിയും മുന്നണി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ലീഗിനെ മുന്നണിയില്‍ കൊണ്ടുവരേണ്ട സാഹചര്യമിപ്പോഴില്ല : പിണറായി സർക്കാരിൻ്റെ വികസന നയങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല. മുസ്ലിം ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. മുന്നണി വിപുലീകരിക്കുന്ന കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്ന കാനം രാജേന്ദ്രൻ്റെ അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കെ.റെയിൽ സമരത്തിൽ പങ്കെടുത്തവർ പൊലീസിനെ തിരിച്ചുചവിട്ടിയോയെന്ന കാര്യം പരിശോധിക്കണം. ദേശീയപാതാ വികസനം പോലെ നാടുപുരോഗമിക്കുന്നത് ചിലർ കാണുന്നില്ല. കെ.റെയിലിനെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഈ നാടിൻ്റെ വികസനം എല്ലാവർക്കും വേണം. കെ. റെയിൽ ആർക്കും വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ആരും പട്ടിണി കിടക്കാത്ത ഭവന രഹിതരല്ലാത്ത ഒരു കേരളമാണ് എൽ.ഡി.എഫ് ലക്ഷ്യമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേര്‍ത്തു.
മതേതര ലോബികള്‍ ഒന്നിക്കണം :ആർ.എസ്.എസിൻ്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം വർഗീയ ലഹള ഇളക്കിവിടുകയെന്നതാണ്. രാജ്യത്ത് ഡൽഹിയിലടക്കമുള്ള സ്ഥലങ്ങളിൽ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം'.