അവാർഡ് നേട്ടത്തില്‍ ആഘോഷവുമായി മഹാദേവഗ്രാമം കണ്ണൂർ: 53ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ മഹാദേവഗ്രാമവും ഉത്സവാന്തരീക്ഷത്തിൽ ആയിരുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമ്പോൾ തന്‍റെ ജന്മദേശത്ത് മറ്റൊരു സിനിമ ഷൂട്ടിങ് ചിത്രീകരണ വേളയിലായിരുന്നു ചിത്രത്തിന്‍റെ സംവിധായകനായ രതീഷ് ബാലകൃഷ്‌ണ പൊതുവാളും അണിയറ പ്രവർത്തകരും. 'സുരേഷിന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമ ലൊക്കേഷനിൽ നിന്നാണ് അവാർഡ് പ്രഖ്യാപനം രതീഷും സഹപ്രവർത്തകരും കേട്ടത്.
ആർപ്പുവിളികളോടുകൂടിയും കൈയ്യടിയോടെയും രതീഷിനെ നാട്ടുകാരും സിനിമ അണിയറ പ്രവർത്തകരും പൊതിഞ്ഞു. അനുമോദനങൾ കൊണ്ട് മൂടി. റോഡിലെ കുഴിയും കുഴിയിൽ വീണ് പരിക്കേൽക്കുന്ന കഥാനായകനും അതിലെ കുറ്റക്കാരനെ ശിക്ഷിക്കാൻ കോടതി കയറുന്ന കഥയുമാണ് 'ന്ന താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമയുടെ ആദ്യ പ്രദർശനം തന്നെ പത്ര പരസ്യം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്‌തിരുന്നു.
ഈ പരസ്യം, ചർച്ചകളിൽ ഉൾപ്പെടെ നിറഞ്ഞുനിന്നതോടെ ചിത്രം ദിവസങ്ങൾക്കകം പ്രേക്ഷകർ നെഞ്ചേറ്റി. മികച്ച കലാമൂല്യം ഉള്ള ജനപ്രിയ ചിത്രമായി സിനിമ തെരഞ്ഞെടുത്തപ്പോൾ രതീഷിനും നിർമാതാവ് സന്തോഷ് ടി കുരുവിളയ്‌ക്കും അത് ഇരട്ടി മധുരമായിരുന്നു. ജനപ്രിയ ചിത്രത്തിന് പുറമെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ രതീഷ് സ്വന്തമാക്കിയിട്ടുണ്ട്.
സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച സ്വഭാവ നടൻ ആയി ചിത്രത്തിലെ ജഡ്‌ജി ആയി അഭിനയിച്ച പി പി കുഞ്ഞികൃഷ്‌ണനും മികച്ച സംഗീത സംവിധായാകൻ ആയി പശ്ചാത്തല സംഗീതത്തിന് ഡോൺ വിൻസെന്‍റും പുരസ്‌കാരം സ്വന്തമാക്കി. ചിത്രത്തിന്‍റെ കലാസംവിധായാകനായ ജ്യോതിഷ് ശങ്കർ മികച്ച കലാസംവിധായാകനുമായി.
മികച്ച ശബ്‌ദ മിശ്രണത്തിന് വിപിൻ നായരും പുരസ്‌കാരം സ്വന്തമാക്കി. ആകെ ഏഴ് പുരസ്‌കാരങ്ങളാണ് 'ന്ന താൻ കേസ് കൊട്' എന്ന ചിത്രത്തിനു മാത്രം ലഭിച്ചത്. രതീഷ് സംവിധാനം ചെയ്‌ത 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് രതീഷിന്‍റെ ജന്മദേശം ആയ മഹാദേവ ഗ്രമത്തിൽ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്. ആ സിനിമയ്‌ക്കാണ് മികച്ച സംവിധായകൻ എന്ന പുരസ്‌കാരം ആദ്യമായി രതീഷിനെ തേടിയെത്തുന്നത്.
also read :'ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍
എന്നും നാടിനെ കൈവിടാതെ നാട്ടുകാരെയും നാട്ടുസംസ്‌കൃതിയും ചേർത്തുനിർത്തുന്ന രതീഷ് സിനിമ രംഗത്ത് അതിവേഗം മുന്നേറുന്ന താരമാണ്. ഹാസ്യത്മകവും കഥാമൂല്യവും കൊണ്ട് രതീഷ് പ്രേക്ഷകരെയും അവാർഡുകളെയും പിടിച്ചിരുത്തുമ്പോൾ അഭിമാനം കൊള്ളുന്നത് മഹാദേവഗ്രമത്തിലെ നാട്ടുകാർ കൂടിയാണ്. തങ്ങളിൽ ഒരുവൻ അവാർഡുകൾ വാരിക്കൂട്ടുകയെന്നത് നാട്ടിന്‍റെ തന്നെ സംസ്‌കാരിക കലാരംഗത്തെ നേട്ടമായി നാട്ടുകാർ കാണുന്നു. രതീഷ് വളർന്ന മണ്ണിൽ കലകളുമായി മുന്നേറുമ്പോൾ അഭിമാനം ഉണ്ടെന്ന് നാട്ടുകാരും അടിവരയിടുന്നു.