കണ്ണീരോര്‍മയായി നിഹാല്‍ നിഷാദ് കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മുഴുപ്പിലങ്ങാടിലെ നിഹാല്‍ നൗഷാദിന് കണ്ണീരോടെ വിട. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉച്ചയോടെയാണ് കെട്ടിനകത്തെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കെട്ടിനകം പള്ളിയില്‍ പൊതു ദര്‍ശനത്ത് വച്ച ശേഷം മൃതദേഹം ഖബറടക്കി.
രാഷ്‌ട്രീയ, സാമൂഹിക പ്രതിനിധികള്‍ അടക്കം നൂറുകണക്കിനാളുകളാണ് നിഹാലിന് അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രി വി എൻ വാസവൻ, സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ എന്നിവരും നിഹാലിന് അന്തിമോപചാരമര്‍പ്പിച്ചു.
ആക്രമണകാരികളായ നായകളെ കൊല്ലുന്നതിനായി സുപ്രീം കോടതിയിലെ ഹർജിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കക്ഷി ചേരുമെന്ന് ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ പറഞ്ഞു. നിഹാലിന്‍റെ മരണത്തില്‍ സ്വമേധയ കേസെടുത്തതായും മനോജ് കുമാര്‍ അറിയിച്ചു. തെരുവില്‍ അലയുന്ന നായകളെക്കാള്‍ സുരക്ഷ കുട്ടികള്‍ക്കാണെന്നും എബിസി പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുപ്പിലങ്ങാടിന്‍റെ തീരാനൊമ്പരമായി നിഹാല്‍:ഭിന്നശേഷിക്കാരനായ നിഹാലിനെ കൂട്ടമായെത്തിയാണ് തെരുവ് നായകള്‍ ആക്രമിച്ചത്. കുട്ടിയുടെ തല മുതല്‍ കാല്‍പാദം വരെ നായയുടെ ആക്രമണമേറ്റതിന്‍റെ മുറിവുകളുണ്ടെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ആക്രമണത്തില്‍ അരയ്‌ക്ക് താഴെ കാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായാണ് പരിക്കേറ്റിട്ടുള്ളത്.
പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികൾ:കടല്‍ തീരപ്രദേശമായ കെട്ടിനകം മേഖലയില്‍ തെരുവ് നായ ആക്രമണം രൂക്ഷമാണ്. കടപ്പുറത്തെത്തുന്ന കുട്ടികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നേരെ തെരുവ് നായ ആക്രമണം ഉണ്ടാകാറുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പരാതികളുമായി നിരവധി തവണ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അതേസമയം പഞ്ചായത്തില്‍ നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സജിതയുടെ വാദം. മാത്രമല്ല തെരുവ് നായകളെ കൊല്ലുന്നതില്‍ കോടതി വിധിയാണ് വിലങ്ങ് തടിയായി നില്‍ക്കുന്നതെന്നും സജിത പറഞ്ഞു.
തെരുവ് നായ ശല്യത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിപക്ഷം ഒന്നടങ്കം സർക്കാരിനെതിരെ തിരിയുകയാണ്. യൂത്ത് കോൺഗ്രസ്, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി തുടങ്ങിയ പാര്‍ട്ടികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.
പ്രതികരണവുമായി വിഡി സതീശന്‍:മുഴുപ്പിലങ്ങാട് നിഹാല്‍ നിഷാദിന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായകളുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ചത് അങ്ങേയറ്റം വേദനാജനകമാണ്.
സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തത്. തെരുവ് നായകളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതിന്‍റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്‍റെ ജീവന്‍ നഷ്‌ടമാക്കിയതെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.