കണ്ണൂർ: തലശ്ശേരിയിൽ പുതിയ കടൽ പാലം നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേരള തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്ദർശനം നടത്തി. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയ കടൽ പാലത്തിന്‍റെ സംരക്ഷണമടക്കം പരിശോധിക്കാനാണ് സജ്ജീവ് കൗൾ സന്ദർശനം നടത്തിയത്. എം.എൽ.എ എ.എൻ.ഷംസീർ, സബ് കലക്ടർ ആസിഫ് കെ.യൂസഫ് എന്നിവർക്കൊപ്പമാണ് കേരള തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സജ്ജീവ് കൗൾ തലശ്ശേരി കടൽ പാലം സന്ദർശിച്ചത്.
തലശ്ശേരിയിൽ പുതിയ കടൽ പാലം; പരിശോധന നടന്നു - സജ്ജീവ് കൗൾ വാർത്തകൾ
നിലവിലുള്ള സ്ഥിതിയിൽ പാലത്തിൽ മറ്റ് നിർമ്മാണ പ്രവൃത്തികൾ സാധ്യമല്ലെന്നും മേഖലയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സജ്ജീവ് കൗൾ.
പഴയ കടൽപാലം അപകടാവസ്ഥയിലാണെന്നായിരുന്നു രണ്ട് മാസങ്ങൾക്ക് മുൻപ് എൻ.ഐ.ടി നടത്തിയ ഘടനാ പരിശോധന റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പഴയപാലം സംരക്ഷിച്ചു നിർത്തുകയല്ലാതെ നവീകരണം സാധ്യമല്ല. ഇതോടെയാണ് പുതിയ പാലത്തിന്‍റെ നിർമാണ സാധ്യതകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെത്തിയത്. മികച്ച ടൂറിസം സാധ്യതയുള്ള മേഖലയാണിത് . അതിനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയണം. നിലവിലുള്ള സ്ഥിതിയിൽ പാലത്തിൽ മറ്റ് നിർമാണ പ്രവൃത്തികൾ സാധ്യമല്ലെന്നും മേഖലയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സജ്ജീവ് കൗൾ പറഞ്ഞു. കോഴിക്കോട് തുറമുഖ ഓഫീസർ അശ്വിനി പ്രതാപ് ,അഴീക്കൽ തുറമുഖം സീനിയര്‍ കൺസർവേറ്റർ അനിൽകുമാർ, തലശ്ശേരി തുറമുഖ കൺസർവേറ്റർ പി. അനിത എന്നിവരും പാലം സന്ദര്‍ശിച്ചു.