കണ്ണൂർ : രാഷ്ട്രീയ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പുതിയ നാഥനെത്തി. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം തലവനായിരുന്ന ബിജോയ് നന്ദൻ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്തു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് മുന്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ വൈസ് ചാന്‍സലറായി കുസാറ്റിലെ സമുദ്രശാസ്ത്ര വിഭാഗം തലവനും സീനിയര്‍ പ്രൊഫസറുമായ ഡോ. ബിജോയ് നന്ദനെ നിയമിച്ചത്.
ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ അനുമതിക്ക് കാത്തു നില്‍ക്കാതെ ഗവര്‍ണര്‍ ഡോ. ബിജോയ്ക്ക് തത്കാലിക ചുമതല നല്‍കിയത്.
അപ്രതീക്ഷിതമായാണ് ഈ പദവിയിൽ എത്തിയത് എന്ന് ഡോ. എസ്. ബിജോയ് നന്ദൻ പറഞ്ഞു. "പുതിയ പദവി ഏറ്റെടുക്കുമ്പോൾ കുറെ ആശയങ്ങളും സ്വപ്നങ്ങളും ഉണ്ട്. ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ഇവിടേക്ക് എത്തിയത്.അക്രിഡിറ്റേഷനിൽ ഇനിയും മുൻപോട്ട് കൊണ്ട് പോവുകയാണ് ലക്ഷ്യം. യൂണിവേഴ്സിറ്റിയെ ദേശീയ അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തും." ചുമതല ഏറ്റെടുത്ത ശേഷം ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർവകലാശാലയുടെ ഉന്നമനമാണ് ആത്യന്തികമായ ലക്ഷ്യം. രാഷ്ട്രീയ വിവാദങ്ങൾ മാറുമെന്നും വി സി പറയുന്നു. ( political controversies will not last in Kannur University)
വലിയ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറെ വരവേല്‍ക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളില്‍ എന്‍ സുകന്യയും രജിസ്ട്രാര്‍ ജോബി ജോണും ഡോ. ബിജോയ് നന്ദന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിന് എത്തിയത് കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന പ്രതീക്ഷ പകരുന്നു. സര്‍വകലാശാല ജീവനക്കാരും പുതിയ വിസിയെ വരവേല്‍ക്കാനുണ്ടായിരുന്നു. എങ്കിലും കണ്ണൂരിന്‍റെ ഇടതു രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ വിസിയുടെ അനുഭങ്ങൾ ആകുമോ പുതിയ വിസിക്കും എന്ന ആശങ്കകളുമുണ്ട്.
ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്‍റെ ആറുവർഷത്തെ കണ്ണൂർ സർവ്വകലാശാല കാലം സംഭവബഹുലമായിരുന്നു. അദ്ദേഹം വിസി ആയ കാലത്ത് സർവകലാശാലയെ വാർത്ത കേന്ദ്രമാക്കിയത് അക്കാദമിക വിഷയങ്ങളായിരുന്നില്ല. രാഷ്ട്രീയ വിവാദങ്ങളായിരുന്നു.
2019 ഡിസംബറിൽ സർവകലാശാല ക്യാമ്പസിൽ നടന്ന ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയാണ് ഏറെ കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് വഴി വെച്ചത്. പൗരത്വ നിയമം വിവാദം കത്തി നിൽക്കുന്ന കാലമായിരുന്നു അത്. ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമത്തെ അനുകൂലിച്ച് സംസാരിച്ചതോടെ ഒരു കൂട്ടം പ്രതിനിധികൾ പ്ലാകാർഡുകളുമായി എഴുന്നേറ്റ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് രൂക്ഷമായി പ്രതികരിച്ചു. എന്നാൽ ഒരു കൂട്ടർ ഗവർണർക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് ഇടപെടേണ്ട സ്ഥിതിയായി.