കണ്ണൂര്‍: പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫിസായ ഗാന്ധിമന്ദിരത്തിലെ തകര്‍ക്കപ്പെട്ട ഗാന്ധി പ്രതിമയ്ക്ക് പകരം പുതിയ ഗാന്ധി ശില്‍പം ഒരുങ്ങി. ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ മകനും ചിത്രകല അധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് പുതിയ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍ കുട്ടിയുടെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി സി നാരായണന്‍റെയും നേതൃത്വത്തിലായിരുന്നു ശില്‍പ നിര്‍മാണം.
പയ്യന്നൂരില്‍ പുതിയ ഗാന്ധി പ്രതിമ ഒരുങ്ങുന്നു മൂന്നടി ഉയരം വരുന്ന പുതിയ ശില്‍പം ഗാന്ധിജി ഇരിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. തനതായ വസ്ത്രധാരണ രീതിയും കണ്ണടയും ശില്‍പത്തിന്‍റെ പ്രത്യേകതയാണ്. രണ്ടു മാസത്തോളം സമയമെടുത്താണ് ശില്‍പം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഫൈബറില്‍ നിര്‍മിച്ച ശില്‍പം വെങ്കല നിറത്തിലാണ് ഉള്ളത്. കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ ചിത്രങ്ങളും ഇന്‍റര്‍നെറ്റ് വഴി ലഭിച്ച വീഡിയോയും വിശകലനം ചെയ്‌തായിരുന്നു ചിത്രന്‍ കുഞ്ഞിമംഗലത്തിന്‍റെ ശില്‍പ നിര്‍മാണം. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ ചിത്രന്‍റെ കുഞ്ഞിമംഗലത്തെ പണിപ്പുരയില്‍ എത്തി പ്രതിമ നിര്‍മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ശില്‍പത്തിന്‍റെ അവസാനഘട്ട മിനുക്കു പണിയിലാണ് ചിത്രന്‍ കുഞ്ഞിമംഗലം ഇപ്പോള്‍. കെ.ചിത്ര, കെ.വി കിഷോര്‍, ശശികുമാര്‍, കൃഷ്‌ണന്‍, അശ്വിന്‍ എന്നിവര്‍ ചിത്രനൊപ്പം ശില്‍പ നിര്‍മാണത്തില്‍ പങ്കാളികളായി. ഈ വര്‍ഷം ജൂണ്‍ 13-ന് രാത്രിയിലാണ് പയ്യന്നൂര്‍ ഗാന്ധി മന്ദിരത്തിലെ ഗാന്ധി പ്രതിമ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്.
തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പുതിയ ശില്‍പം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 2002 ല്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി നൂറുദ്ദീന്‍റെ നേതൃത്വത്തില്‍ ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററായിരുന്നു ഗാന്ധി ശില്‍പം നിര്‍മിച്ചത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു.