കണ്ണൂര്‍ :ജില്ലയിലെ നെടുംപൊയില്‍ ഏലപ്പീടികയ്‌ക്ക് സമീപം വനത്തിൽ ഉരുൾപൊട്ടല്‍. 21-ാം മൈൽ, വെള്ളറ എന്നീ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്. ഈ സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഓഗസ്റ്റ് 28 ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കണ്ണൂര്‍ നെടുംപൊയിലിൽ വീണ്ടും ഉരുൾപൊട്ടല്‍ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വെള്ളറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെടുംപൊയിൽ - മാനന്തവാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലുണ്ടായി. നിലവില്‍, നെടുംപൊയിൽ - മാനന്തവാടി റോഡിൽ ജാഗ്രതാനിർദേശമുണ്ട്. തലശേരി - ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡ് 26-ാം മൈലില്‍ ഗതാഗതം തടസപ്പെട്ടു. കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെടുകയുണ്ടായി.
നേരത്തേ ഉരുള്‍പൊട്ടി മരിച്ചത് മൂന്നുപേര്‍:പൂളക്കുറ്റി, വെളളറ ഭാഗത്ത് മലവെള്ളം ഒലിച്ചിറങ്ങുകയാണ്. വെള്ളറ ഭാഗത്തുള്ളവരെ ഫയർ ഫോഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി. നെടുംപൊയില്‍ ചുരത്തില്‍ ഓഗസ്റ്റ് 27 ന് മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്‌ച മുൻപ് ഉരുള്‍പൊട്ടി മൂന്ന് പേരാണ് മരിച്ചത്. വടക്കന്‍ കേരളത്തില്‍ പെയ്‌ത ശക്തമായ മഴയില്‍ ശനിയാഴ്‌ച പലയിടത്തും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
കോഴിക്കോട്, പുല്ലുവ പുഴയില്‍ ഓഗസ്റ്റ് 27 നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറി. ഇതോടെ, വിലങ്ങാട് പാലം മുങ്ങിയിരുന്നു. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവച്ചതായാണ് സംശയം. ആഴ്‌ചകള്‍ക്ക് മുന്‍പുണ്ടായ ശക്തമായ കാറ്റില്‍ ഈ മേഖലയില്‍ വ്യാപക നാശനഷ്‌ടമുണ്ടായിരുന്നു. കൂത്തുപറമ്പ് മാനന്തവാടി ചുരം പാതയിലും മലവെള്ളപ്പാച്ചിലുണ്ടായി.