കണ്ണൂർ: ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് തളിപ്പറമ്പിലെ എന്‍സിപി നേതൃത്വം മാണി സി കാപ്പനൊപ്പം ചേരും. മുന്നണി മര്യാദകള്‍ ലംഘിച്ച് ഇടതു മുന്നണി എന്‍സിപിയോട് സ്വീകരിക്കുന്ന അടിമത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജിയെന്ന് നേതാക്കള്‍ തളിപ്പറമ്പിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുയ്യം ബാലകൃഷ്ണന്‍റെയും കെഎം രാജീവന്‍റെയും നേതൃത്വത്തിലാണ് എന്‍സിപി പ്രവർത്തകർ രാജിവച്ചത്.
എൻസിപി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി കാപ്പനൊപ്പം ചേരും - എൻസിപി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി കാപ്പനൊപ്പം
23 പേരിൽ 17 പേരും രാജിവച്ച് കാപ്പന്‍റെ പാർട്ടിയിൽ ചേരുമെന്ന് എന്‍സിപി തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് സി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

തളിപ്പറമ്പ് ബ്ലോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെ 17 പേരാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചത്. 23 പേരാണ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും എന്‍സിപി വിടുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളുമായി ഇതുവരെ നല്ലബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍സിപി തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് സി രാമചന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്‍റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ കെഎസ് ഹസ്സന്‍, കലാസാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറി സല്‍ജിത്ത് എന്നിവർ പങ്കെടുത്തു.