കണ്ണൂര്‍: ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ക്ക് മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കണ്ണൂരില്‍ സ്വീകരണം. ഡിസംബര്‍ രണ്ടിന് കണ്ണൂരില്‍ ആരംഭിക്കുന്ന സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നിയമസഭ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനാകും . ഡിസംബര്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാലിന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്‌ണന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; താരങ്ങള്‍ക്ക് കണ്ണൂരില്‍ സ്വീകരണം - കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂരില്‍ ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്
300 മത്സരാര്‍ഥികളും പരിശീലകരും ടെക്‌നിക്കല്‍ സംഘവും ഉള്‍പ്പടെ 650 പേര്‍ മത്സരത്തിന്‍റെ ഭാഗമാകും. രാവിലെ പതിനൊന്ന് മുതല്‍ ഒരു മണി വരെ, മൂന്ന് മുതല്‍ അഞ്ച് മണി വരെ, ആറ് മുതല്‍ എട്ട് മണി വരെ എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇരുപതോളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 10 ഭാരവിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ. വിനീഷ്, കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എന്‍.കെ. സൂരജ് തുടങ്ങിയവരാണ് സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകിയത്.