എംവിആർ വീണ്ടും ചർച്ചയാകുമ്പോൾ കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങളിലൊന്നാണ് നവംബർ 25. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് അഥവാ സിപിഎമ്മും, സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എം.വി രാഘവനും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ അനന്തര ഫലമായിരുന്നു കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പില്‍ 1994 നവംബർ 25 നടന്ന പൊലീസ് വെടിവയ്പ്പ്. അഞ്ച് യുവാക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എംവി രാഘവനെ വഴിയില്‍ തയാനുള്ള ശ്രമമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
ഒരു കാലത്ത് സിപിഎമ്മിലെ കരുത്തനായിരുന്ന എംവി രാഘവൻ പാർട്ടിക്ക് വെറുക്കപ്പെട്ടവനായും പുറത്തുപോയതുമെല്ലാം കൂത്തുപറമ്പില്‍ വീണ രക്തത്തിന് പിന്നിലുണ്ട്. എംവിആറിനെ തീണ്ടാപ്പാടകലെ നിര്‍ത്തിയതും തെരുവില്‍ തടഞ്ഞതും ആശയപരമായ വിയോജിപ്പു കൊണ്ടാണെന്ന് വാദിച്ച സിപിഎം ആ ആശയങ്ങളെല്ലാം ഇപ്പോൾ മുറുകെ പിടിക്കുന്നതിന് കേരളം സാക്ഷിയാകുകയാണ്.
ഏറ്റവുമൊടുവില്‍ മുസ്ലീംലീഗുമായുള്ള രാഷ്ട്രീയ ചങ്ങാത്തം വരെ എത്തി നില്‍ക്കുന്ന സിപിഎമ്മിന്‍റെ നയംമാറ്റങ്ങള്‍, എംവിആർ ആയിരുന്നു ശരി എന്ന ഉത്തരത്തിലേക്ക് വഴി തുറക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പിന്‍റെ മുപ്പതാം വര്‍ഷത്തില്‍ എംവി രാഘവൻ എന്ന പേരും അദ്ദേഹം ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും വീണ്ടും ചര്‍ച്ചയാവുകയാണ്.
അവസാനവാക്കില്‍ നിന്ന് പാർട്ടിക്ക് പുറത്തേക്ക്:1968 ലെ കണ്ണൂർ സിപിഎം ജില്ല കമ്മിറ്റി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ടാണ് സിപിഎം സംസ്ഥാന നേതൃത്വവുമായി എംവി രാഘവൻ പരസ്യമായി ആദ്യം ഏറ്റുമുട്ടുന്നത്. സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ഭാരവാഹി പാനലിനെതിരെ മറ്റൊരു പാനല്‍ രാഘവന്‍ അവതരിപ്പിച്ചു. രാഘവന്‍റെ പാനലിലെ മുഴുവന്‍ പേരും തെരഞ്ഞെടുക്കപ്പെട്ടു. രാഘവന്‍ ജില്ല സെക്രട്ടറിയായി. അന്നത്തെ സംസ്ഥാന നേതൃത്വത്തിന് ഇത് വലിയ തിരിച്ചടിയായിരുന്നു.
ഇ.എം.എസ് പാര്‍ട്ടിയുടെ താത്വിക ആചാര്യനായപ്പോള്‍ രാഘവനെ അണികള്‍ നെഞ്ചേറ്റുകയായിരുന്നു. രാഘവന്‍റെ വളര്‍ച്ചയില്‍ ഇ.എം.എസിനുളള അസ്വസ്ഥത അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്നിരുന്നു. കോഴിക്കോട് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഇ.എം.എസ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ രാഘവന്‍ വേദിയിലേക്ക് കടന്നു വന്നു. അതോടെ എം.വി.ആറിന് സിന്ദാബാദ് വിളികള്‍ ഉയര്‍ന്നു. ഇ.എം.എസിന് പ്രസംഗം നിര്‍ത്തി വെക്കേണ്ടിയും വന്നു. അന്ന് കേളുവേട്ടനെന്ന നേതാവ് എം.വി.ആറിനോട് പറഞ്ഞത്രേ, ഇ.എം.എസ് നിന്നെ നോട്ടമിട്ടുണ്ട്. സൂക്ഷിക്കണം...
ഈ വൈര്യ നിര്യാതന ബുദ്ധിയെ ചെറുതായി കണ്ട രാഘവന്‍ പരിഹാസ ചിരിയോടെയാണ് മറുപടി നല്‍കിയത്. എന്നാല്‍ പിന്നീട് ഇതില്‍ രാഘവന് പശ്ചാത്തപിക്കേണ്ടി വന്നു. കേന്ദ്ര കമ്മിറ്റിയിലേക്ക് സംസ്ഥാനത്തു നിന്നും പ്രതിനിധികളെ നിര്‍ദേശിച്ചപ്പോള്‍ ഇ.എം.എസ് ബോധപൂര്‍വ്വം രാഘവനെ വെട്ടി നിരത്തി. രാഘവനേക്കാള്‍ ജൂനിയറായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എം. ലോറന്‍സ്, കെ.എം. രവീന്ദ്രനാഥ് എന്നിവരൊക്കെ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി. ഇതോടെ രാഘവന്‍റെ നിയന്ത്രണം വിട്ടു.
തുടര്‍ന്ന് 1980 ല്‍ എ.കെ. ആന്‍റണിയുടേയും കെ.എം. മാണിയുടേയും പിന്‍തുണയോടെ ഭരണത്തിലേറിയ നായനാര്‍ മന്ത്രിസഭയില്‍ നിന്നു കൂടി രാഘവന്‍ തഴയപ്പെട്ടു. രാഘവന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നും അതുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും പരിഹസിച്ചു കൊണ്ട് ഇ.എം.എസ് സംസാരിച്ചുവെന്നാണ് കേട്ടു കേള്‍വി. എന്നാല്‍ അതോടെ രാഘവന്‍, പ്രതികാരത്തിനിറങ്ങി. മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ട പുത്തലത്ത് നാരായണനേയും പി.വി. കുഞ്ഞിക്കണ്ണനേയും കൂട്ടു പിടിച്ച് രാഘവന്‍ പോരിനിറങ്ങി. അങ്ങനെയാണ് ബദല്‍ രേഖ വരുന്നത്. സാമുദായിക സംഘടനകളുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ട എന്നായിരുന്നു പാര്‍ട്ടി ലൈന്‍. അതിനെ വെല്ലു വിളിച്ച് രാഘവനും കൂട്ടരും ബദല്‍ രേഖ രൂപപ്പെടുത്തി.
1980 മുതല്‍ 81 വരെ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന നായനാര്‍ മന്ത്രിസഭ ഒഴിച്ചാല്‍ 1969 ന് ശേഷം പാര്‍ട്ടിക്ക് ഇതു വരെ അധികാരത്തില്‍ വരാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗുമായി സഖ്യം വേണം എന്ന് വാദിക്കുന്നതാണ് സമാന്തര രേഖയുടെ ഉള്ളടക്കം. ഇ.കെ. നായനാരും ദക്ഷിണാമൂര്‍ത്തിയും രാഘവനൊപ്പം ഉണ്ടായിരുന്നുന്നെങ്കിലും അവസാന നിമിഷം രേഖയില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു. രാഘവനെ പാര്‍ട്ടി പുറത്താക്കിയതോടെ സി.എം.പി രൂപീകരിച്ച് പ്രതിരോധിക്കുകയായിരുന്നു. അന്നു മുതല്‍ രാഘവന്‍ വര്‍ഗ്ഗ ശത്രുവായി. രാഷ്ടീയത്തേക്കാളുപരി വികസന രംഗത്ത് രാഘവന്‍ പ്രവര്‍ത്തിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചു. നേരത്തെ എ.കെ.ജി സഹകരണ ആശുപത്രി കണ്ണൂരില്‍ സ്ഥാപിച്ചിരുന്നു. അതിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ അക്രമം കണ്ണൂരില്‍ അരങ്ങേറി. പറശ്ശിനിക്കടവില്‍ രാഘവന്‍റെ നേതൃത്വത്തിലുള്ള സ്നേക് പാര്‍ക്ക് തീവെച്ചു നശിപ്പിക്കപ്പെട്ടു. പാപ്പിനിശ്ശേരിയിലെ രാഘവന്‍റെ വീടും അഗ്നിക്കിരയായി. പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി തിരഞ്ഞെടുപ്പിലും രാഘവനുമായി സി.പി.എം നേരിട്ട് ഏറ്റുമുട്ടി. 1994 ലെ കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് രാഘവനെ മുഖ്യ ശത്രുവായാണ് സി.പി.എം കണ്ടത്. പിണറായിയും കോടിയേരിയും അടക്കമുളള സിപിഎം നേതാക്കളുടെ രാഷ്ട്രീയ ഗുരുവായ രാഘവനെ അവരുടെ നേതൃത്വത്തില്‍ത്തന്നെ പാര്‍ട്ടി നിര്‍ദാക്ഷിണ്യം നേരിട്ടു.
മനംമാറിയ സിപിഎം: കാല്‍നൂറ്റാണ്ടിലേറെക്കാലം സി.പി.എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ നേതാവായിരുന്നു എം.വി. രാഘവന്‍. ഇത്രയും കാലം ശത്രുപക്ഷത്ത് ഇരുത്തപ്പെട്ട ഒരു നേതാവ് കേരള ചരിത്രത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ അത്യപൂര്‍വ്വം. എം.വി. രാഘവനെ എന്നും വേട്ടയാടിയ ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്നും അദ്ദേഹത്തിന്‍റെ വികസന നയത്തോടും ന്യൂനപക്ഷ സമീപനത്തോടുമുള്ള സി.പി.എമ്മിന്‍റെ വിയോജിപ്പാണ് അതിന് കാരണമെന്നും സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എ. അജീര്‍ അഭിപ്രായപ്പെടുന്നു.
പക്ഷേ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം പോലെ എം.വി.ആറിന്‍റെ ഒന്നാം ചരമവാഷിക ദിനത്തില്‍ അദ്ദേഹത്തെ ധീരനായ നേതാവ് എന്നാണ് സി.പി.എം നേതൃത്വം വിശേഷിപ്പിച്ചത്. എന്നാല്‍ രാഘവനോടുള്ള നിലപാട് കൂത്തുപറമ്പ് സമരത്തില്‍ നേതൃത്വം വഹിച്ച പലരും മാറ്റിയിട്ടില്ല. ഇന്നത്തെ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ധനഞ്ജയന്‍ അവരിലൊരാളാണ്.
എംവിആര്‍ മരിക്കുന്നതിന് മുമ്പ് മറവി രോഗം ബാധിച്ച നിലയില്‍ വീട്ടില്‍ കഴിയവേ സി.പി.എം നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സി.പി.എമ്മുമായി സഹകരിക്കാമെന്ന് എംവിആര്‍ പറഞ്ഞുവെന്നാണ് നേതാക്കള്‍ പുറത്ത് അറിയിച്ചത്. എന്നാല്‍ എം.വി. രാഘവന്‍റെ മൂത്തമകന്‍ എം.വി. ഗിരീഷ്‌കുമാര്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. അത്രയേറെ ദ്രോഹിച്ച സിപിഎമ്മുമായി അച്ഛന് ഒരു കാലത്തും സന്ധി ചെയ്യാനാകുമായിരുന്നില്ലെന്ന് ഗിരീഷ് പറയുന്നു...
also read: കൂത്തുപറമ്പിലെ വെടിമുഴക്കത്തിന് 29 ആണ്ട് ; അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടി