കണ്ണൂർ: കള്ളപ്പണം സംബന്ധിച്ച കെഎം ഷാജിയുടെ പ്രതികരണം ബിനാമിയുണ്ടെന്നതിന് തെളിവാണെന്ന് എംവി ജയരാജൻ. ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലധികം പണമാണ് ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലെന്ന് ഉണ്ടോ? പ്ലസ്‌ടു കോഴ കേസിനേക്കാളും ഗൗരവമേറിയതാണ് കളളപ്പണം സൂക്ഷിക്കലെന്നും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പറഞ്ഞു.
Also read: അനധികൃത സ്വത്തുസമ്പാദനം : കെ.എം ഷാജിക്കെതിരായ കേസ് ഈ മാസം 23 ലേക്ക് മാറ്റി
38 ലക്ഷം രൂപയാണ് ഒരാൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുക. തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചര്‍ വിഭാഗത്തെ ഷാജി അറിയിച്ചത് 14 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചെന്നാണ്. പ്ലസ്ടു കോഴ കേസിൽ ഷാജിക്കെതിരെയുള്ള ഇഡി അന്വേഷണം എന്തായെന്നും എംവി ജയരാജൻ ചോദിച്ചു. ഇഡി അന്വേഷണം മരവിപ്പിച്ചതാരാണ്? ഇഡി അന്വേഷണം തുടരണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുമോ? ഷാജി എംഎൽഎ സ്ഥാനം ഉപേക്ഷിക്കുമോ? ഒരു മറുപടിയും യുഡിഎഫ് നേതൃത്യത്തിന് പറയാനാകില്ലെന്നും എംവി ജയരാജൻ പറഞ്ഞു. ജനപ്രാതിനിധ്യ നിയമ പ്രകാരം കെഎം ഷാജിക്കെതിരെ കേസെടുക്കണം. കോഴിക്കോട്ടും കള്ളപ്പണം ഉണ്ടായിരുന്നു. ഷാജി കള്ളപ്പണം റെയ്ഡ് ഭയന്ന് മാറ്റിയതാണ്. കണ്ണൂരിൽ റെയ്ഡ് ഉണ്ടാകില്ലെന്നാണ് ഷാജി കരുതിയതെന്നും ജയരാജൻ പറഞ്ഞു.