കണ്ണൂര്‍:സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ സജീവമായ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടിസില്‍ പറയുന്നു. ഒരു കോടി രൂപ തനിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള നിയമ നടപടിയില്‍ നിന്ന് പിന്മാറണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും ഗോവിന്ദന്‍ നോട്ടിസില്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം സ്വപ്‌നക്കെതിരെ നടപടിയെടുക്കുമെന്നും നോട്ടിസില്‍ പറയുന്നു. എനിക്കോ എന്‍റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അദ്ദേഹം നോട്ടിസില്‍ വ്യക്തമാക്കി.
സ്വപ്‌നയ്‌ക്ക് അയച്ച വക്കീല്‍ നോട്ടിസ് തളിപ്പറമ്പിലെ അഡ്വ നിക്കോളാസ് ജോസഫ് വഴിയാണ് വക്കിൽ നോട്ടിസ് അയച്ചത്. സ്വപ്‌ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ആരോപണം പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
സ്വപ്‌നയ്‌ക്ക് അയച്ച വക്കീല്‍ നോട്ടിസ് സ്വര്‍ണക്കടത്ത് ആരോപണം പിന്‍വലിക്കാന്‍ കോടികള്‍:മാര്‍ച്ച് ഒന്‍പതിനാണ് എംവി ഗോവിന്ദന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള സ്വപ്‌നയുടെ പരാമര്‍ശമുണ്ടായത്. ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് സ്വപ്‌ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം നടത്തിയത്. സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള സ്വപ്‌നയുടെ ആരോപണം പിന്‍വലിച്ച് ബെംഗളൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്‌ദാനവുമായി ഏതാനും നേതാക്കള്‍ താനുമായി ബന്ധപ്പെട്ടെന്നാണ് സ്വപ്‌ന ലൈവിലെത്തി പറഞ്ഞത്.
എന്നാല്‍ കോടികള്‍ എത്ര നല്‍കിയാലും ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി മകള്‍ക്ക് വേണ്ടി കെട്ടിപ്പടുക്കുന്ന സാമ്രാജ്യത്തിന്‍റെ മുഴുവന്‍ ഇടപാടുകളും പുറത്ത് കൊണ്ട് വരുമെന്നും അതുവരെയും പോരാട്ടം തുടരുമെന്നും സ്വപ്‌ന ലൈവില്‍ പറഞ്ഞിരുന്നു. ലൈവിലെത്തുന്നതിന്‍റെ രണ്ട് ദിവസം മുമ്പാണ് 30 കോടി വാഗ്‌ദാനവുമായി കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ തന്നെ കാണാനെത്തിയതെന്നാണ് സ്വപ്‌ന പറഞ്ഞത്. ചാനല്‍ അഭിമുഖത്തിനായാണെന്ന് പറഞ്ഞാണ് അയാള്‍ തന്നെ സമീപിച്ചതെന്നും സ്വപ്‌ന പറയുന്നു. നേരില്‍ കണ്ടതോടെ അയാള്‍ പറഞ്ഞത് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം പിന്‍വലിച്ച് ബെംഗളൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്നായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് തന്നെ അയച്ചതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായുള്ള കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ പിന്‍വലിക്കണം കേസിലെ നേരിട്ടുള്ളതും അല്ലാത്തതുമായ മുഴുവന്‍ തെളിവുകളും ഏല്‍പ്പിച്ച് ബെംഗളൂരു വിടണമെന്നുമാണ് അയാള്‍ ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി സുഖമായി ജീവിക്കാനുള്ളതെല്ലാം മുഖ്യമന്ത്രി നല്‍കുമെന്നും അയാള്‍ പറഞ്ഞുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ലൈവില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇത്രക്കാലം സ്വപ്‌ന പറഞ്ഞതെല്ലാം കളവായിരുന്നെന്ന് പറഞ്ഞ് ബെംഗളൂരു വിടുക ശേഷം മലേഷ്യയില്‍ പോയി സുഖമായി ജീവിക്കുക. അതിനുള്ളതെല്ലാം മുഖ്യമന്ത്രി നല്‍കുമെന്നും എം ഗോവിന്ദന്‍ പറയാന്‍ ആവശ്യപ്പെട്ടെന്നും ദൂതന്‍ പറഞ്ഞുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
ബെംഗളൂരുവിലെ ഒരു ഹോട്ടലിന്‍റെ ലോബിയിലെത്തിയാണ് ഇയാള്‍ താനുമായി സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ച് സ്വപ്‌ന രംഗത്തെത്തിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ ആദ്യമായാണ് ആരോപണവുമായി സ്വപ്‌ന രംഗത്ത് എത്തുന്നത്.