കണ്ണൂർ :ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൗരവത്തിൽ എടുക്കേണ്ടത്. വിഷയത്തില്‍ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കെ സുധാകരൻ്റെ പ്രസ്താവനയിൽ അത്ഭുതമില്ല'; ബിജെപി പ്രവേശനം അദ്ദേഹത്തിന്റെ ജനാധിപത്യ അവകാശമെന്ന് എംവി ഗോവിന്ദന് - ആര്‍എസ്എസ് ശാഖ സംരക്ഷിച്ചെന്ന് കെ സുധാകരന്
കണ്ണൂരിലെ ആര്‍എസ്എസ് ശാഖകള്‍ ആക്രമിക്കാന്‍ വേണ്ടി സിപിഎം ശ്രമിച്ചപ്പോള്‍ സംരക്ഷണത്തിന് താന്‍ ആളെ വിട്ടുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്
ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ്. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതല്‍ തന്നെ ആ ബന്ധമുണ്ട്. ഇപി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്.
അതേസമയം, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ സർക്കാരിന് സിപിഎമ്മിന്റെ പരിപൂർണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.