കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ അത് മറ്റാരുടെയോ പിന്തുണകൊണ്ടാണ് ജയിച്ചതെന്ന് വരുത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് എം.വി. ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയില്‍ നടത്തിയ പര്യടനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ഥിയായ ഗോവിന്ദന്‍.
യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് എം.വി. ഗോവിന്ദൻ - കണ്ണൂർ എൽഡിഎഫ് സ്ഥാനാർഥി
വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഏറ്റുവും ശക്തമായി പൊരുതുന്ന കോട്ടയാണ് കേരളത്തിലെ ഇടതുമുന്നണിയെന്നും എം.വി. ഗോവിന്ദൻ
ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ആര്‍എസ്എസ് തുടങ്ങിയ എല്ലാ വിഭാഗവും എത്രയോ വര്‍ഷമായി സിപിഎമ്മിനെ ഏറ്റവും ശക്തമായ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സിപിഎമ്മാണ് ഏറ്റവും വലിയ ശത്രുവെന്ന് അവസാനമായി പറഞ്ഞത് ഒ. രാജഗോപാലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ മറ്റാരുമായി ചേരുന്നതിലും തെറ്റില്ലെന്ന നിലപാടാണ് ഇവര്‍ക്കെല്ലാം ഉള്ളത്. മുസ്ലിം ലീഗിന്‍റെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് കേരളത്തില്‍ സിപിഎമ്മാണ് ഏറ്റവും വലിയ ശത്രുവെന്നാണ്. കോണ്‍ഗ്രസുകാരുമായി യോജിച്ചും അല്ലാതെയുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
എല്ലാ അര്‍ഥത്തിലും ഇവര്‍ തമ്മിലുള്ള ഐക്യം പഴയ കോലിബി സംഖ്യത്തോടൊപ്പം ചേര്‍ന്നുകൊണ്ടുള്ള പുതിയ രീതിയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇതിന്‍റെ പ്രഖ്യാപനമാണ് ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ആര്‍എസ്എസ് തുടങ്ങിയവരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇടതുമുന്നണി ഒരിക്കലും ആര്‍എസ്എസുമായോ ബിജെപിയുമായോ ചേരുന്ന പ്രശ്‌നമില്ലെന്നും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഏറ്റുവും ശക്തമായി പൊരുതുന്ന കോട്ടയാണ് കേരളത്തിലെ ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.