കണ്ണൂർ:കോൺഗ്രസും മുസ്ലീം ലീഗും പരസ്‌പരം ഏറ്റുമുട്ടുന്ന വളപട്ടണം ഗ്രാമ പഞ്ചായത്തിൽ ഇത്തവണ മത്സരം തീപാറും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്നാരോപിച്ചാണ് ലീഗ് ബന്ധം ഉപേക്ഷിച്ചത്. ഇതോടെ യുഡിഎഫ് കോട്ടയിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷയേറി. 13 അംഗ പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൂട്ട് ചേർന്നാണ് ലീഗിന്‍റെ ഇത്തവണത്തെ മത്സരം. കഴിഞ്ഞ തദ്ദേശ ജനവിധിയിൽ ഏഴിടത്ത് ലീഗും ആറ് വാർഡിൽ കോൺഗ്രസുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ യുഡിഎഫിനെ നയിച്ച ലീഗ് മൂന്നിടത്ത് തോറ്റു. കോൺഗ്രസാകട്ടെ ആറിടത്തും ജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും കരസ്ഥമാക്കി. കാലുവാരിയ കോൺഗ്രസിനോട് ഇനി യോജിപ്പില്ലെന്ന് പ്രാദേശിക നേതാക്കൾ അന്ന് തീരുമാനിച്ചിരുന്നു. എന്നാൽ മുട്ടു മടക്കാൻ കോൺഗ്രസും തയ്യാറല്ല.
തദ്ദേശ തെരഞ്ഞെടുപ്പ്; വളപ്പട്ടണം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും നേര്‍ക്കു നേര്‍
13 അംഗ പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൂട്ട് ചേർന്നാണ് ലീഗ് ഇപ്രാവശ്യം മത്സരിക്കുന്നത്.
കെ സുധാകരനും കെഎം ഷാജിയുമൊക്കെ എല്ലാവഴിക്കും നോക്കിയിട്ടും പിന്നോട്ട് പോകാത്ത ലീഗിനെതിരെ കോൺഗ്രസും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. അതെ സമയം 2000ത്തില്‍ ഇതുപോലെ വേറിട്ട് മത്സരിച്ച ഇരുകൂട്ടരും ജയിച്ചപ്പോൾ ഒരുമിച്ച് പഞ്ചായത്ത് ഭരിച്ച ചരിത്രവും വളപട്ടണത്തുണ്ട്. കേരളത്തിലെ 'കുഞ്ഞൻ' ഗ്രാമ പഞ്ചായത്തുകളിലൊന്നായ വളപട്ടണത്ത് ആകെ 6423 വോട്ടർമാരാനുള്ളത്. എന്തായാലും ഈ തമ്മിൽത്തല്ലിന്‍റെ ഫലം എന്താവുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ സിപിഎം. ഒരു ഭാഗത്ത് ബിജെപിയും കളത്തിലിറങ്ങിയിട്ടുണ്ട്.