കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ് സംസ്ഥാന നേതൃത്വം അണിയറയിൽ നീക്കങ്ങൾ ശക്തമാക്കവെ കണ്ണൂർ ജില്ലയിലെ കൂടുതൽ സീറ്റുകളിൽ നോട്ടമിട്ട് ജില്ലാ നേതൃത്വം. ജില്ലയിൽ രണ്ട് സീറ്റുകൾ അധികം ആവശ്യപ്പെടണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മുസ്ലീംലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ മത്സരിക്കുന്ന അഴീക്കോടിന് പുറമേ കൂത്തുപറമ്പും തളിപ്പറമ്പും വേണമെന്നതാണ് ലീഗിന്‍റെ ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പും തളിപ്പറമ്പും കൂടി ആവശ്യപ്പെടാനൊരുങ്ങി മുസ്ലീം ലീഗ് - കൂത്തുപറമ്പും തളിപ്പറമ്പും
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ ജില്ലയില്‍ നിലവിൽ മത്സരിക്കുന്ന അഴീക്കോടിന് പുറമേ കൂത്തുപറമ്പും തളിപ്പറമ്പും വേണമെന്ന ആവശ്യവുമായി ലീഗ്
എൽജെഡിയും കേരള കോൺഗ്രസ് എമ്മും യുഡിഎഫിൽ നിന്ന് പോയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കൂത്തുപറമ്പിൽ എൽജെഡിയും തളിപ്പറമ്പിൽ കേരള കോൺഗ്രസ്സ് എമ്മുമാണ് മത്സരിച്ച് പോരുന്നത്. 16ന് ചേരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്യും. നിലവിൽ മത്സരിക്കുന്ന അഴീക്കോട് മണ്ഡലം വിട്ടു കൊടുത്ത് കണ്ണൂർ ആവശ്യപ്പെടണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരിൽ അഴീക്കോട് സീറ്റ് മാത്രമാണ് നിലവിൽ ലീഗിനുള്ളത്.
കണ്ണൂരിലും നിലവിൽ കൂത്തുപറമ്പായി മാറിയ പഴയ പെരിങ്ങളത്തും അഴീക്കോടും ലീഗ് മാറി മാറി മൽസരിച്ചിരുന്നു. കണ്ണൂരിൽ ലീഗിന് ലഭിച്ചുപോന്ന സീറ്റുകളിൽ രണ്ടു തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കൾ എംഎൽഎമാരായിട്ടുള്ളൂ. കണ്ണൂരിൽ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും. പത്തു വർഷമായി അഴീക്കോട് സീറ്റിൽ മാത്രമാണു മൽസരം. രണ്ടുതവണയും എംഎൽഎയായത് വയനാട്ടിൽനിന്നെത്തിയ കെ.എം.ഷാജിയാണ്. ജില്ലയിൽ പാർട്ടി വളരണമെങ്കിൽ ജില്ലക്കാരനായ എംഎൽഎ വേണമെന്നതാണു നേതൃത്വത്തിന്‍റെ പ്രധാന വാദം. എന്നാൽ ഷാജി മത്സര രംഗത്ത് ഉണ്ടാകുമോ എന്നത് സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ചേലേരി കൂട്ടിച്ചേർത്തു. ഒപ്പം യുഡിഎഫിനെ വിജയിപ്പിക്കുന്നതിൽ കോൺഗ്രസ്സിനേക്കാൾ വിയർപ്പൊഴുക്കുന്നത് ലീഗാണെന്നും അതിന് അനുസരിച്ചുള്ള പരിഗണന ലഭിക്കണമെന്നും നേതാക്കൾ ഒന്നടങ്കം പറയുന്നു.