കേരളം

kerala

ETV Bharat / state

കണ്ണൂരിന് ഇനി പുതിയ മേയര്‍ ; മുസ്ലീഹ് മഠത്തിലിനെ തെരഞ്ഞെടുത്ത് മുസ്‌ലിം ലീഗ് - കണ്ണൂരിന് പുതിയ മേയര്‍

Kannur Corporation's New Mayor : കണ്ണൂര്‍ കോര്‍പറേഷന്‍റെ പുതിയ മേയറായി മുസ്ലീഹ് മഠത്തില്‍. കോണ്‍ഗ്രസിന്‍റെ ടിഒ മോഹനന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീഹിനെ മേയറായി പ്രഖ്യാപിച്ചത്.

Mayor Muslih Madathil  Kannur Corporation Mayor  കണ്ണൂരിന് പുതിയ മേയര്‍  മേയര്‍ മുസ്ലീഹ് മഠത്തില്‍
Kannur Corporation Mayor; Muslim League Leader Muslih Madathil

By ETV Bharat Kerala Team

Published : Jan 4, 2024, 10:51 AM IST

കണ്ണൂര്‍ :കോര്‍പറേഷനിലേക്ക് പുതിയ മേയറെ തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് നേതാവും നീര്‍ച്ചാല്‍ വാര്‍ഡ് കൗണ്‍സിലറുമായ മുസ്ലീഹ് മഠത്തിലാണ് പുതിയ മേയര്‍. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീഹ് മഠത്തിലിനെ പുതിയ മേയറായി പ്രഖ്യാപിച്ചത്.

മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിന്‍റെ ടിഒ മോഹനന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. ലീഗ് ജില്ല പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്. ജില്ല പ്രസിഡന്‍റ് അബ്‌ദുൽ കലിം ചേലേരി, ജനറൽ സെക്രട്ടറി കെടി സഹദുള്ള, ട്രഷറർ മഹമൂദ് കടവത്ത് ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളായ അബ്‌ദുൽ റഹ്മാൻ കല്ലായി, പികെ അബ്‌ദുള്ള തുടങ്ങിയവര്‍ കൗൺസിലർമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.

55 അംഗങ്ങൾ ഉള്ള കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് 35 സീറ്റുകള്‍ ആണുള്ളത്. ഇതിൽ കോൺഗ്രസിന് 21ഉം ലീഗിന് 14ഉം സീറ്റുകളാണുള്ളത്. ഇടതുമുന്നണിക്ക് ഉള്ള 19 സീറ്റുകളില്‍ സിപിഎമ്മിന് 17 ഉം സിപിഐക്ക് 2ഉം സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് ഒരംഗവും ഉണ്ട്.

നീര്‍ച്ചാല്‍ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയാണ് മുസ്ലീഹ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം യൂത്ത് ലീഗിലൂടെയാണ് രാഷ്‌ട്രീയത്തിലേക്കുള്ള മുസ്ലിഹിന്‍റെ കാല്‍വയ്പ്പ്‌. യൂത്ത് ലീഗിന്‍റെ ജില്ല വൈസ് പ്രസിഡന്‍റും ഖജാന്‍ജിയുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ടിഒ മോഹനന്‍റെ പടിയിറക്കം :ജനുവരി ഒന്നിനാണ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായിരുന്ന ടിഒ മോഹനന്‍ രാജിവച്ചത്. ഏറെ വിവാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും ഒടുവിലായിരുന്നു മോഹനന്‍റെ രാജി. നേരത്തെ രണ്ടര വര്‍ഷം വീതംവയ്പ്പി‌ന് കോണ്‍ഗ്രസ് വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ലീഗ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

ടിഒ മോഹനന്‍ രാജിവച്ചതിന് പിന്നാലെ മുസ്ലിഹ് മേയര്‍ സ്ഥാനത്തേക്കെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. ടിഒ മോഹനന്‍റെ രാജിയ്‌ക്ക് പിന്നാലെ ഡെപ്യൂട്ടി മേയറായ കെ ഷബീനയാണ് താത്‌കാലികമായി മേയറുടെ ചുമതലകള്‍ വഹിച്ചിരുന്നത്.

പുതിയ മേയറെ പ്രഖ്യാപിക്കുന്നതിന് മൂന്നാഴ്‌ച കാലതാമസം ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ വൈകാതെ തന്നെ ലീഗ് മേയറുടെ പേര് പ്രഖ്യാപിച്ചു. അതേസമയം ടിഒ മോഹനന്‍ തന്‍റെ വികസന നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞാണ് മേയര്‍ സ്ഥാനമൊഴിഞ്ഞത്. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ ശേഖരണ പദ്ധതി, സ്‌റ്റേഡിയം നവീകരണം തുടങ്ങിയവ ടിഒ മോഹനന്‍ അക്കമിട്ട് നിരത്തിയിരുന്നു.

ABOUT THE AUTHOR

...view details