കണ്ണൂര്‍: കൈയില്‍ ചുറ്റിയും കഴുത്തിൽ ഉമ്മ വച്ചും ഇങ്ങനെ കളിക്കുന്നുന്നത് കുരങ്ങുകളെ അകറ്റാൻ കണ്ടെത്തിയ റബ്ബർ പാമ്പുകളാണെന്ന് കരുതുന്നവർക്ക് തെറ്റി. നല്ല ഒറിജിനൽ പെരുമ്പാമ്പുകൾ ആണ്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിലെ മുഹമ്മദ് ഹിഷാമിന്‍റെ കളികൂട്ടുകാരാണിവർ.
കോഴിയോ പട്ടിയോ പൂച്ചയോ ഒന്നുമല്ല നിസാമിന്‍റെ അരുമകൾ. പെരുമ്പാമ്പുകളാണ് വളർത്തുമൃഗങ്ങൾ. കിംഗ് കോൺ, മിൽക്ക് സ്നേക്ക്, ബ്ലഡ് പൈത്തൺ, കാർപ്പറ്റ് പൈത്തൺ, ഗ്രീൻ ട്രീ പൈത്തൺ, കെനിയൻ സാൻഡ് ബോ എന്നീ ഇനങ്ങളിലെ പാമ്പുകളാണ് ഹിഷാമിന്‍റെ കൈയിൽ ഉള്ളത്. കേരളത്തിൽ ഇപ്പോൾ ട്രൻഡിങ് ആഫ്രിക്കൻ പൈത്തൺ ആണെന്ന് ഹിഷാം പറയുന്നു.
രണ്ടു മാസം തൊട്ട് മൂന്ന് വയസ് വരെയുള്ള ആഫ്രിക്കൻ പാമ്പിൻ കുഞ്ഞുങ്ങൾ ഈ കോളജ് വിദ്യാർഥി വളർത്തുന്നുണ്ട്. വിഷമില്ല എന്നുള്ളതാണ് ഈ പാമ്പുകളുടെ പ്രത്യേകത. കൂടാതെ സർക്കാരിന്‍റെ ലൈസൻസും വേണ്ട. പരിവേഷ് എന്ന അപ്പിൽ രജിസ്ട്രർ ചെയ്‌താൽ മതി.
25,000 മുതൽ നാല് ലക്ഷം രൂപ വരെയാണ് പാമ്പുകളുടെ വില. കേരളത്തിന് പുറത്ത് ഡൽഹി ഉൾപ്പെടെ ബ്രീഡേഴ്‌സ്, കീപ്പേഴ്‌സ് എന്നിവരിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ വാങ്ങുന്നത്. ഒരു മാസം പാമ്പുകൾക്ക് ജീവിക്കാൻ എലികളാണ് ഭക്ഷണം. ഇവയെ ഇതിനായി പ്രത്യേകം വളർത്തുന്നു.
ഒരു എലിയെ നൽകിയാൽ അതിന്‍റെ മാലിന്യം പുറന്തള്ളിയ ശേഷം ശുചിയാക്കിയാണ് അടുത്ത എലിയെ ഭക്ഷിക്കുക. വെള്ളവും ഒന്നിടവിട്ട് മാറ്റിക്കൊണ്ടിരിക്കും. പാമ്പുകൾക്ക് പുറമെ വിദേശ പക്ഷികളും ഓസ്ട്രേലിയൻ ഗ്ലൈഡേഴ്‌സും ഹിഷാമിൻ്റെ വീട്ടിൽ ഉണ്ട്. മംഗളൂരു പിഎ കോളജിലെ ബിഎസ്‌സി ഫുഡ് ടെക്നോളജി മൂന്നാം വർഷ വിദ്യാർഥിയാണ് ഹിഷാം.