കണ്ണൂര്‍ :പരിമിതികളില്‍ തളരാതെ തന്‍റെ കുഞ്ഞുസ്വപ്‌നങ്ങള്‍ക്ക് വാനോളമുയരാന്‍ ചിറകുകള്‍ മുളപ്പിച്ച് കുടുക്കിമൊട്ട സ്വദേശിയായ മുഹമ്മദ് ദാനിഷ്. ഏഴാം ക്ലാസുകാരനായ ദാനിഷിന്‍റെ പത്തോളം ചെറുകഥകളടങ്ങിയ ആദ്യ സമാഹാരം 'ചിറകുകള്‍' (Chirakukal Book) ഡിസംബര്‍ ആദ്യവാരം പുറത്തിറങ്ങും. സ്പൈനൽ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) (spinal muscular atrophy) ബാധിതനായ ദാനിഷിന്‍റെ തളരാത്ത ആത്മവിശ്വാസവും കരുത്തുള്ള അക്ഷരങ്ങളുമാണ് പുസ്തകമായി മാറിയത്.
കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ദാനിഷ്. ചെറുപ്പം മുതല്‍ കഥകളോടും പുസ്‌കങ്ങളോടും കമ്പമുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ എറെ അലട്ടിയിട്ടും തന്‍റെ വീല്‍ചെയറില്‍ ഇരുന്ന് ദാനിഷ് കുത്തിക്കുറിച്ചു. സ്‌കൂളിലെ എഴുത്ത് മത്സരങ്ങളിലെല്ലാം താല്‍പര്യത്തോടെ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തതോടെ ദാനിഷിന്‍റെ അധ്യാപകരും രക്ഷിതാക്കളും കഥകള്‍ എഴുതാനുള്ള ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കി.
വായന ഏറെ ഇഷ്ടം, പുസ്തകങ്ങളോട് പ്രിയം
ഇതുതന്നെയാണ് ദാനിഷിന്‍റെ വലിയ കരുത്ത്. വീടിനടുത്തുള്ള ലൈബ്രറിയില്‍ നിന്നും കുറെ പുസ്തകങ്ങള്‍ എടുത്ത് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കുന്ന സ്വഭാവമായിരുന്നു ദാനിഷിന്. ഇത്രയും പുസ്തകങ്ങള്‍ വായിക്കുന്ന ആള്‍ക്ക് ഒരു പുസ്തകം എഴുതിയാല്‍ എന്താ എന്ന് ലൈബ്രേറിയന്‍ ദാനിഷിന്‍റെ പിതാവിനോട് ചോദിച്ചു.
ആ ചോദ്യം ദാനിഷിന് വലിയ പ്രചോദനമായിരുന്നു. കൊവിഡ് കാലത്ത് വീട്ടിലിരുന്നാണ് പത്ത് കഥകള്‍ക്കും ജീവന്‍ നല്‍കിയത്. മൊബൈലില്‍ നോട്ട്പാടിലാണ് കഥകളെഴുതിയത്. ഇത് സ്‌കൂളിലെ പ്രധാനാധ്യാപിക സുബൈദ ടീച്ചര്‍ക്ക് അയക്കും. കഥ വായിച്ച ശേഷം ടീച്ചര്‍ ആവശ്യമായ മറ്റ് നിര്‍ദേശങ്ങള്‍ നല്‍കും.