കണ്ണൂർ :മുബീനയുടെ ലോകം നിറയെ വർണങ്ങളാണ്. കണ്ട കാഴ്‌ചകൾ മുഴുവൻ കാൻവാസിലേക്ക് പകർത്തുകയാണ് അവൾ. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപത്തെ പരേതനായ അന്തുവിന്‍റെയും സൈനബയുടെയും മകളായ മുബീനയ്‌ക്ക് ജന്മന കേൾവി ശേഷിയും സംസാര ശേഷിയും ഇല്ല. പ്രായം 37 പിന്നിട്ടു (Mubeena Painter from Kannur).
മുബീന ജീവിതം മുന്നോട്ട് കൊണ്ട് പോയത് ചിത്രങ്ങൾ വരച്ചാണ്. മനുഷ്യർ ഓരോ ദിനവും ഭൂമിയിലെ കാഴ്‌ചകൾ കണ്ടും ജോലികൾ ചെയ്‌ത് തീർത്തും മുന്നോട്ട് കൊണ്ടുപോകുമ്പോൾ മുബീന ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത് ചിത്രങ്ങൾ വരച്ചാണ്. 2018 ൽ പിതാവ് മരണപ്പെടും വരെ ടിവിയിൽ കണ്ട കാഴ്‌ചകൾ ആയിരുന്നു മുബീന കൂടുതൽ പകർത്തിയത്.
പിന്നീട് ഉമ്മയോടൊപ്പം അപൂർവ്വമായി പുറത്തുപോകുന്ന അവസരത്തിൽ കാണുന്ന കാഴ്‌ചകളും മുബീന കാൻവാസിലേക്ക് പകർത്തി. സൂക്ഷ്‌മ ഭാവങ്ങൾ ചോരാതെയുള്ള മുബീനയുടെ സൃഷ്‌ടികൾ ആസ്വാദകരുടെ മനം നിറയ്‌ക്കും.
സാമ്പത്തിക പ്രയാസങ്ങളും മറ്റു ബുദ്ധിമുട്ടുകളും കാരണം മുബീന സ്‌കൂളിൽ ചേർന്ന് പഠിച്ചിട്ടില്ല. കൊവിഡ് കാലത്തിന് മുമ്പുള്ള കുറച്ചു മാസങ്ങൾ ഏച്ചൂരിലെ ചിത്രകല അധ്യാപകനായ പികെ ബാബുവിൽ നിന്ന് പരിശീലനം നേടിയതാണ് ആകെ ഉള്ള ചിത്ര കല പഠനം. സമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് പിന്നീട് അതും നിർത്തേണ്ടി വന്നു.