കണ്ണൂർ : കുടിവെള്ളത്തിനായി സമീപ വാസികളെ ആശ്രയിക്കേണ്ട അവസ്ഥ തളിപ്പറമ്പ് കുറ്റിക്കോലിലെ ചിയ്യയ്യിക്കുട്ടിക്ക് ഇനിയുണ്ടാകില്ല. മൂത്തേടത്ത് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ ഇടപെടലില്‍, 72കാരിയായ ചിയ്യയ്യിക്കുട്ടിക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചു. 40 വർഷത്തോളം നേരിട്ട പ്രയാസത്തിനാണ് ഇതോടെ അറുതിയായത്.
1970ൽ ഭര്‍ത്താവ് കൃഷ്‌ണനൊപ്പമാണ് ചിയ്യയ്യിക്കുട്ടി കുറ്റിക്കോലെത്തുന്നത്. അന്ന് മിച്ചഭൂമിയായി ലഭിച്ച സ്ഥലത്ത്, സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായം കൊണ്ട് വീട് വച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കിണര്‍ കുഴിക്കാന്‍ സാധിക്കാത്തതിനാൽ അടുത്ത വീടുകളില്‍ നിന്ന് വെള്ളം ചുമന്നുകൊണ്ടുവന്നാണ് ചിയ്യയ്യിക്കുട്ടിയും കൃഷ്‌ണനും ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
ചിയ്യയ്യിക്കുട്ടിയുടെ പ്രയാസം ഏറ്റെടുത്ത് എൻഎസ്എസ്; കിട്ടിയത് വർഷങ്ങളായി ഇല്ലാതിരുന്ന കുടിവെള്ളം Also Read: സ്വർണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം
കൃഷ്‌ണന്‍റെ മരണശേഷം മക്കളില്ലാതിരുന്ന ചിയ്യയ്യി തനിച്ചാണ് താമസം. ശാരീരിക അവശതകള്‍ കാരണം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഇവര്‍ക്ക് സ്വന്തമായി പണിക്ക് പോകാനോ വെള്ളം ചുമക്കാനോ വയ്യാത്ത സ്ഥിതിയിലാണ്. അടുത്ത വീട്ടുകാര്‍ കൊടുക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിച്ചിരുന്നത്.
ചിയ്യയ്യിയുടെ ബുദ്ധിമുട്ടുകൾ സ്ഥലം കൗണ്‍സിലറായ ഇ.കുഞ്ഞിരാമന്‍ അറിയിച്ചതിനെ തുടർന്ന് മൂത്തേടത്ത് എന്‍എസ്എസ് യൂണിറ്റ് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു.
നഗരസഭ അതിര്‍ത്തിക്കുള്ളില്‍ കുടിവെള്ള കണക്ഷനുകള്‍ സൗജന്യമല്ലാത്തതിനാല്‍ വളണ്ടിയര്‍മാര്‍ തന്നെ തുക സമാഹരിച്ച് ചിയ്യയ്യിക്ക് കണക്ഷന്‍ എടുത്തുനൽകുകയായിരുന്നു. കുടിവെള്ള വിതരണം ടാപ്പ് തുറന്ന് തളിപ്പറമ്പ് ആർഡിഒ ഇ.പി മേഴ്‌സി ഉദ്ഘാടനം ചെയ്തു.
കുറ്റിക്കോൽ കോളനിയെ വിപുലീകരിക്കാനുള്ള നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എന്‍എസ്എസ് വളണ്ടിയർമാർ. വീടുൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.