കണ്ണൂർ:സിഡിഎം മെഷിനിൽ നിന്നും റിട്ടേൺ വന്ന പണം കവർന്ന പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പനങ്ങാട്ടൂർ സ്വദേശി പ്രവീണിന്‍റെ 22,500 രൂപയാണ് ഇയാൾ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും യാതൊരു നടപടികളും ഇതുവരെ ഉണ്ടായില്ല. ഏപ്രിൽ 24നാണ് തളിപ്പറമ്പ് തൃച്ചംബരം എസ്ബിഐയുടെ സിഡിഎം മെഷിൻ വഴി 28,000 രൂപ പ്രവീൺ നിക്ഷേപിക്കാൻ ശ്രമിച്ചത്. 5,500 രൂപ മെഷിനിൽ നിന്നും തിരിച്ചു വന്നതിനെ തുടർന്ന് ക്യാൻസൽ ചെയ്‌തു പോകുകയായിരുന്നു. എന്നാൽ നിക്ഷേപിച്ച ബാക്കി തുകയായ 22,500 രൂപ അക്കൗണ്ടിൽ കയറാത്തതിനാൽ ബാങ്കിൽ പരാതി കൊടുത്തിരുന്നു.
സിഡിഎം മെഷിനിൽ നിന്ന് പണം കവർന്ന സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
ഏപ്രിൽ 24നാണ് തളിപ്പറമ്പ് തൃച്ചംബരം എസ്ബിഐയുടെ സിഡിഎം മെഷിനിൽ നിന്നും പരാതിക്കാരനായ പ്രവീണിന്‍റെ പണം മോഷ്‌ടിക്കപ്പെട്ടത്.
READ ALSO:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തൊട്ടു പിന്നിൽ നിന്ന ആൾ റിട്ടേൺ ആയി മെഷിനിൽ വന്ന തുക എടുത്തതായി കണ്ടത്. ഗ്രേ കളർ ടീഷർട്ടും കണ്ണടയും ധരിച്ച ഇയാൾ പണവുമായി പോകുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം കവർന്നയാൾ കാർഡ് ഉപയോഗിക്കാത്തതിനാൽ ബാങ്കിനും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന നിലപാടാണ്. കണ്ണൂർ റൂറൽ എസ്‌പിക്ക് അടക്കം പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല.