കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; മരിച്ചത് ഭിന്നശേഷിയുള്ള കുട്ടി - mauled to death by pack of street dogs kannur

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണം ഉണ്ടായത്

Etv Bharat
Etv Bharat

By

Published : Jun 11, 2023, 10:49 PM IST

Updated : Jun 12, 2023, 12:16 PM IST

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. നിഹാലിനെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ വീടിന് സമീപം കുട്ടിയെ കണ്ടെത്തിയത്.

ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി അക്രമിച്ചത് എന്നാണ് കരുതുന്നത്. നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെയാണ് നിഹാലിനെ കണ്ടെത്തിയത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലായിരുന്നു കുട്ടി. അടുത്തുള്ള ആശുപത്രിയിൽ എത്തുമ്പോഴേക്കും നിഹാലിന് ജീവൻ നഷ്‌ടമായിരുന്നു. ബഹറൈനിൽ ജോലി ചെയ്യുന്ന നൗഷാദിന്‍റേയും നുസീഫയുടേയും മകനാണ്.

സര്‍ക്കാരിനെതിരെ വിഡി സതീശന്‍:മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ച സംഭവത്തിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണ് ഈ മരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായകളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തത്.

തെരുവ് നായകളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്‍റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്‍റെ ജീവന്‍ നഷ്‌ടമാക്കിയത്. മുഴപ്പിലങ്ങാട് മാസങ്ങള്‍ക്ക് മുന്‍പും തെരുവ് നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല. ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്. സംസ്ഥാനത്ത് പലയിടത്തും മാലിന്യനീക്കം നിലച്ചതും തെരുവ് നായകള്‍ വ്യാപകമാകാന്‍ കാരണമായി. മൂന്ന് വര്‍ഷമായി നായകളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ല.

ALSO READ |Kannur Stray Dog Attack | 'അതിദാരുണം', കണ്ണീരിൽ കുതിർന്ന് മുഴുപ്പിലങ്ങാട് ഗ്രാമം, നിഹാലിന്‍റെ സംസ്‌കാരം ഇന്ന്

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എബിസി പദ്ധതിയും നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായകളെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജന പദ്ധതികളും എബിസി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വഴി നടക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്ന് ഭരണകൂടം ഓര്‍ക്കണമെന്നും പ്രതിപക്ഷനേതാവ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ALSO READ |പതിമൂന്നുകാരന് തെരുവ് നായ ആക്രമണത്തിൽ ദാരുണാന്ത്യം; മൃതദേഹം കടിച്ചു കഷ്‌ണങ്ങളാക്കി

Last Updated : Jun 12, 2023, 12:16 PM IST

ABOUT THE AUTHOR

...view details