കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക് വരെ മന്ത്രി നേരിട്ട് പരിശോധന നടത്തി.
മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു ഭൂമി ഏറ്റെടുക്കുന്നത് മുതൽ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. 5,580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്‌ചയിലൊരിക്കൽ ദേശീയപാത വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും. കണ്ണൂർ ജില്ലയിലാകെ നിയമസഭ മണ്ഡല തലത്തിലാണ് പരിശോധന നടത്തിയത്. 2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പരിപൂർണമായും പൂർത്തിയാക്കാൻ കഴിയും.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തും. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്‌ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിങ് എഞ്ചിനീയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിങ് എഞ്ചിനീയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.