കണ്ണൂർ: ഇരിക്കൂറിൽ നിന്നും കാണാതായ അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. സംഭവത്തിൽ സുഹൃത്തായ പരേഷ് നാഥ് മണ്ഡലിനെ ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പ്രതി പിടിയിലായതോടെയാണ് ദൃശ്യം മോഡൽ കൊലപാതക കഥ പുറത്ത് വന്നത്.
അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; നടന്നത് ദൃശ്യം മോഡൽ കൊലപാതകം പുറത്തുവന്നത് ദൃശ്യം മോഡൽ കൊലപാതക കഥ
പെരുവളത്ത് പറമ്പിൽ താമസിച്ച് തേപ്പ് പണി നടത്തുകയായിരുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിഅഷിക്കുൽ ഇസ്ലാമിനെ ജൂൺ 28നാണ് കാണാതായത്. തുടർന്ന് ഇയാളുടെ സഹോദരൻ ഇരിക്കൂർ പൊലീസിൽ പരാതി നൽകി. അഷിക്കുലിനൊപ്പം താമസിച്ചു വരികയായിരുന്ന പരേഷ് നാഥ് മണ്ഡലിനെയും മറ്റ് രണ്ടുപേരെയും സംഭവത്തിനു ശേഷം കാണാതായിരുന്നു.
കാണാതായവരെക്കുറിച്ച് റൂറൽ എസ് പി നവനീത് ശർമയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം പരേഷ് നാഥ് മണ്ഡലിനെ മുംബൈയിൽ വെച്ച് പിടികൂടിയതോടെയാണ് കൊലപാതക കഥ പുറത്തറിയുന്നത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് അഷിക്കുലിനെ കൊന്ന് പണി നടന്നുകൊണ്ടിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ ബാത്റൂമിൽ ചാക്കിൽ കെട്ടി കുഴിച്ചു മൂടുകയായിരുന്നു. പിന്നീട് അതിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.
Also Read: കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം നടത്തിയതായി പരാതി
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ ബാത്റൂമിലെ കോൺക്രീറ്റ് പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കൂടെയുണ്ടായ മറ്റ് പ്രതികൾക്കായുള്ള അന്വേഷണവും കൊലപാതകകാരണവും പൊലീസ് അന്വേഷിച്ച് വരികയാണ്.