ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാതെ തങ്കം കണ്ണൂർ: സാങ്കേതിക പ്രശ്‌നത്തിൽ കുരുങ്ങി സ്വന്തമായ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ കഴിയാതെ മാടായിപ്പാറ ലക്ഷം വീട് കോളനിയിലെ പാറയിൽ തങ്കം. ലൈഫ് പദ്ധതിയിൽ വീട് പാസായെങ്കിലും ലക്ഷം വീട്ടിൽ താമസിക്കുന്നതിനാൽ ലൈഫ് ഭവനം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്.
50 വർഷത്തിലേറെയായി മാടായി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയാണ് പാറയിൽ തങ്കം. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ പൂക്കച്ചവടം നടത്തിയാണ് ഉപജീവന മാർഗം നടത്തുന്നത്. ലക്ഷം കോളനിയിലെ പത്ത് ഇരട്ട വീടുകളിൽ എല്ലാം ഒറ്റ വീടാക്കി മാറ്റിയെങ്കിലും അവശേഷിക്കുന്ന ഏക ഇരട്ട വീട്ടിലാണ് ഇവർ താമസിച്ച് വരുന്നത്.
ഒരു വീട് രണ്ട് കുടുംബത്തിനായി മാറ്റിയിരിക്കുന്നതാണ് ഇരട്ട വീട് പദ്ധതി. എന്നാൽ കാലപ്പഴക്കത്തെ തുടർന്ന് അറ്റകുറ്റ പണികൾക്കായി അപേക്ഷിച്ചെങ്കിലും പറ്റില്ലെന്നായിരുന്നു മറുപടി. ഇതിനിടയിലാണ് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതി പ്രകാരം തങ്കം വീടിന് അപേക്ഷ നൽകിയത്.
കഴിഞ്ഞ വർഷം അപേക്ഷ നിരസിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം ഇത്തവണ വീട് പാസാവുകയും ചെയ്‌തു. വീട് കിട്ടുമെന്ന സന്തോഷത്തിൽ സ്ഥലത്തെ കായ്‌ഫലമുള്ള തെങ്ങുകളും മറ്റ് മരങ്ങളും മുറിച്ച് മാറ്റി. മരത്തിന്‍റെ പണം പോലും കൈപ്പറ്റാതെ ആയിരുന്നു മുറിച്ച് മാറ്റിയത്.
പക്ഷേ തങ്കത്തിന്‍റെ സന്തോഷം അധിക നാൾ മുന്നോട്ട് പോയില്ല. ലൈഫ് പദ്ധതിയിൽ വീട് പാസായെങ്കിലും ലക്ഷം വീട്ടിൽ താമസിക്കുന്നതിനാൽ ലൈഫ് ഭവനം നൽകാൻ കഴിയില്ലെന്ന നിലപാടാണ് പഞ്ചായത്ത് തങ്കത്തെ അറിയിച്ചത്. പഞ്ചായത്തിൽ പോയാൽ മറ്റൊരു പദ്ധതി ഉണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്‌തു.
എല്ലാ രാഷ്ട്രീയ പാർട്ടിയും പിന്തുണക്കുന്നുണ്ടെങ്കിലും ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് വീട് നൽകുന്നതിന് മുടക്കം നിൽക്കുന്നതെന്നാണ് തങ്കത്തിന്‍റെ പരാതി. എല്ലാ പേപ്പറുകളും നൽകി വീട് എന്ന ആശ നൽകിയ ശേഷം തന്നെ വഞ്ചിച്ചെന്ന പരാതിയാണ് തങ്കത്തിനുള്ളത്. എത്രയും വേഗം പഞ്ചായത്ത് ഇടപെട്ട് തല ചായ്ക്കാൻ ഒരിടം ഉണ്ടാക്കി തരണം എന്ന അഭ്യർഥനയാണ് തങ്കത്തിന് ഉദ്യോഗസ്ഥരോട് പറയാനുള്ളത്.