കണ്ണൂര്‍: 103 പേർ അരങ്ങിലെത്തിയ മെഗാ മോഹിനിയാട്ടം കണ്ണൂര്‍ ജില്ലയ്ക്ക് ചരിത്രപരമായ ഒരേടാണ് സമ്മാനിച്ചിരിക്കുന്നത്. കേട്ടുകേള്‍വി മാത്രമായിരുന്ന മെഗാ മോഹിനിയാട്ടമെന്ന ഉദ്യമമാണ് അരുണിമാ രാജനെന്ന കലാ പ്രതിഭയുടെ പരിശ്രമത്തിലൂടെ നടന്നത്. മൂന്നാം ക്ലാസുകാരി മുതൽ 65 വയസുകാരി വരെയുള്ളവരാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട വേദിയിൽ ചിലങ്കയണിഞ്ഞത്.
കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി മെഗാമോഹിനിയാട്ടം
മൂന്നാം ക്ലാസുകാരി മുതൽ 65 വയസ്സുകാരി വരെയുള്ള 103 പേരാണ് വെങ്ങര കിഴക്കരക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട വേദിയിൽ മെഗാ മോഹിനിയാട്ടവുമായി എത്തിയത്.
അഞ്ചോളം കീര്‍ത്തനങ്ങളുടെ ഭാഗങ്ങളെ സംയോജിപ്പിച്ച് 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള മെഗാ മോഹിനിയാട്ടമാണ് അരങ്ങേറിയത്. മോഹിനിയാട്ടം എന്നു കേട്ടപ്പോഴേ പിന്‍വലിഞ്ഞവരെ ആത്മവിശ്വാസത്തോടെ കൂടെക്കൂട്ടിയാണ് അരുണിമയും സംഘടകരും ഇങ്ങനെ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ആദ്യ ക്ലാസില്‍ കാഴ്‌ചക്കാരായി നിന്നവര്‍ പോലും പിന്നീട് പരിശീലനത്തിൽ പങ്കാളികളായി.
അഞ്ച് ആഴ്‌ചകളിലായി ശനി, ഞായര്‍ ദിവസങ്ങളില്‍ കേവലം നാലുമണിക്കൂറുകള്‍ വീതമുള്ള പരിശീലനം വഴിയാണ് 103 പേരടങ്ങിയ നൃത്ത സംഘത്തെ അരുണിമാ രാജന്‍ പരിശീലിപ്പിച്ചത്. നാലു ബാച്ചുകളാക്കി തിരിച്ചായിരുന്നു പരിശീലനം. മെഗാമോഹിനിയാട്ടത്തിന് കാഴ്‌ചക്കാരായി ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നത്. വെങ്ങര ഹിന്ദു എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ ഋതുലക്ഷ്‌മിയും, കണ്ടോന്താര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി രാധാമണിയും മെഗാമോഹിനിയാട്ടത്തിന്‍റെ ഭാഗമായി അരങ്ങിലെത്തി.