കണ്ണൂർ : ഇരിട്ടി കൂട്ടുപുഴ പാലത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ പിടികൂടി. വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ് പൊലീസ് കണ്ടെടുത്തത്. കണ്ണൂർ റൂറൽ പൊലീസിന്‍റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കൂടിയാണിത്.
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് 10 ലക്ഷം വില വരുന്ന എംഡിഎംഎ - എംഡിഎംഎ
ഉളിയിൽ സ്വദേശി ജസീർ, ഷമീർ പി കെ എന്നിവരാണ് 300 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കണ്ണൂർ റൂറൽ പൊലീസിന്‍റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കൂടിയാണിത്
ഉളിയിൽ സ്വദേശി ജസീർ (42), ഷമീർ പി കെ (39) എന്നിവരെയാണ് മയക്കുമരുന്നുമായി കണ്ണൂർ റൂറൽ ജില്ല ഡാന്‍സാഫ് സംഘവും ഇരിട്ടി പൊലീസും ചേർന്ന് സംയുക്തമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി അത് കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വില്‍പന നടത്താനായി കൊണ്ടുവരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.
മയക്കുമരുന്ന് കടത്താനായി ഇവര്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ ജസീർ. ബെംഗളൂരുവിലുള്ള നൈജീരിയക്കാരില്‍ നിന്ന് നേരിട്ട് എംഡിഎംഎ വാങ്ങി ജില്ലയില്‍ വില്‍പന നടത്തി വരികയായിരുന്നു ജസീറും ഷമീറും. ഒരുമാസത്തോളം ഇരുവരെയും നിരീക്ഷിച്ച ശേഷമാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.