കണ്ണൂര്‍:മാഹിയിൽ 20.670 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ചൊക്ലി സ്വദേശി കരിയാലക്കണ്ടി റാഷിദ് കെകെ (24), തലശേരി നെട്ടൂർ സ്വദേശി ഷാലിൻ റോബർട്ട് (25) എന്നിവരാണ് അറസ്റ്റിലായത്. 60,000 രൂപ വിലയുണ്ട് കസ്റ്റഡിയിലെടുത്ത ലഹരിയ്‌ക്ക്.
മാഹിയിൽ വന്‍ ലഹരിവേട്ട; 60,000 രൂപയുടെ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍ - എംഡിഎംഎ പിടികൂടി
മാഹിയിൽ വ്യാപകമായി ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി
പ്രദേശത്ത് മയക്കുമരുന്ന് വില്‍പന നടക്കുന്നതായി രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതുച്ചേരി എസ്‌എസ്‌പി ദീപിക ഐപിഎസിന്‍റെ നിർദേശാനുസരണമാണ് നടപടി. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പള്ളൂർ വയലിലെ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തുവച്ചാണ് എംഡിഎംഎ പിടികൂടിയത്. പൊലീസ് സർക്കിൾ ഇൻസ്പെക്‌ടര്‍ എ ശേഖര്‍ നേതൃത്വം നല്‍കി.
മയക്കുമരുന്നിന് പുറമെ ഇരുചക്ര വാഹനം, 4,420 രൂപ, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ വേവിങ് മെഷീന്‍, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എടിഎം കാർഡുകള്‍, ഒരു പോസ്റ്റൽ കാർഡ്, തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ നാല് ഐഡി കാർഡുകള്‍, ഒരു പേഴ്‌സ്, 20 പാക്കിങ് കവർ എന്നിവയും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്പെക്‌ടര്‍ എ ശേഖർ, പള്ളൂർ എസ്‌എച്ച്ഒ കെസി അജയകുമാർ, ക്രൈം ടീം അംഗങ്ങളായ എഎസ്ഐ കിഷോർകുമാർ, എഎസ്‌ഐ പിവി പ്രസാദ്, പിസിശ്രീജേഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.