കണ്ണൂർ: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല, കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണം എന്നത് അപൂർവമാണ്. അഥവ അങ്ങനെയൊന്നുണ്ടായാല്‍ അത് പൊലീസിന്‍റെ കളിയാണെന്ന് വരെ ചിന്തിക്കുന്നവരുണ്ട്. പക്ഷേ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങളില്‍ മാവോയിസ്റ്റുകൾ ജനവാസ മേഖലയിലെത്തി അരിയും സാധനങ്ങളും വാങ്ങുകയും ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യലുമൊക്കെ ഇടയ്ക്ക് സംഭവിക്കാറുണ്ട്.
ചിലപ്പോൾ വനമേഖലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ വീടുകളില്‍ എത്തി മണിക്കൂറുകളോളം അവർക്കൊപ്പം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അരിയും സാധനങ്ങളും വാങ്ങി മടങ്ങാറുണ്ടെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ നാട്ടുകാരോടോ പൊലീസുമായോ വനം വകുപ്പുമായോ ഏറ്റുമുട്ടുന്നതിനെ കുറിച്ച് മാവോയിസ്റ്റുകൾ ചിന്തിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ അതിൽ നിന്നൊക്കെ ഒരു പടി കടന്നാണ് കഴിഞ്ഞ ദിവസം ആറളം മേഖലയിൽ വനപാലകർക്ക് നേരെ ഉണ്ടായ മാവോയിസ്റ്റ് സംഘത്തിന്‍റെ വെടിവെയ്‌പ്പ്.
ആദിവാസികളും പിന്നാക്കക്കാരും കൂടുതലായി വസിക്കുന്ന അയ്യൻ കുന്നിലെ കളിത്തട്ടു പാറയിലും, വാളതോട്ടിലും, ആറളം ഫാം പുനരുദ്ധ മേഖലയിലും, വിയറ്റ്നാമിലും ചതുരൂരിലും എല്ലാം മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പുണ്ടായതോടെ പൊലീസും വനംവകുപ്പും കൂടുതല്‍ ജാഗ്രതയിലാണ്. വെടിവെയ്‌പ്പ് നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ ഇരട്ടി എസ്‌പിയുടെയും പേരാവൂർ ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിൽ മാവോവാദി വിരുദ്ധ സ്ക്വാഡ് വനമേഖലയിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നു.
ആറളം ഫാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളും മാവോയിസ്റ്റുകളുടെ പ്രകോപനത്തിന് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. കേരള പൊലീസിന്‍റെ നക്‌സൽ വിരുദ്ധസേനയായ തണ്ടർബോൾട്ട് കമാൻഡോകളെ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറയുന്ന പൊലീസ് സ്റ്റേഷനുകളിൽ വിന്യസിച്ചും വനത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയും വനാതിർത്തികളില്‍ പരിശോധന ശക്തമാക്കിയും പൊലീസ് അവരുടെ ജോലി മുറയ്ക്ക് നടത്തുന്നുണ്ട്. പക്ഷേ പരസ്യമായി നാട് ചുറ്റുന്ന, വനംവകുപ്പ് ഉദ്യോഗസ്ഥരെ വെടിവെച്ച് ഓടിച്ച മാവോയിസ്റ്റുകളെ മാത്രം കണ്ടെത്താനായിട്ടില്ല.