കണ്ണൂര്‍: അയ്യങ്കുന്ന് പഞ്ചായത്തിലെ വളന്തോടില്‍ വീണ്ടും അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയെന്ന് സൂചന. ഇന്നലെ (24.07.23) വൈകിട്ട് ആറ് മണിയോടെ മാവോയിസ്‌റ്റ് നേതാവായ സിപി മൊയിദീനും ഒരു സ്ത്രീയും അടങ്ങിയ ആയുധ ധാരികൾ ആയ സംഘം ടൗണിൽ എത്തിയതെന്നാണ് സംശയം. ഇവർ പതിച്ചെന്ന് കരുതുന്ന പോസ്‌റ്റര്‍ അയ്യൻകുന്നു പ്രദേശത്തു കണ്ടെത്തി.
സിപിഐ മാവോയിസ്‌റ്റ്, കബനി ദളം എന്ന പേരിലാണ് പോസ്‌റ്റര്‍. റിലയൻസ്, വാൾ മാർട് കുത്തക പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുക എന്ന വാചകങ്ങൾ ആണ് പോസ്‌റ്ററില്‍ ഉള്ളത്. പോസ്‌റ്റർ പതിച്ച ശേഷം ഇവർ പ്രകടനം നടത്തിയതായും ഇവിടെയുള്ള പ്രദേശവാസികൾ പറയുന്നു.
കറുപ്പ് മഴക്കോട്ടും അണിഞാണ് ഇവർ എത്തിയത് എന്നും ടൗണിൽ പോസ്‌റ്ററുകൾ പതിച്ച സംഘം കവലയിൽ ചെറു പ്രസംഗം നടത്തി സമീപത്തെ ജോയ് എന്ന ആളുടെ കടയിൽ നിന്ന് അരിയും പഞ്ചസാരയും മൈദയും പച്ചക്കറികളും ബേക്കറി സാധനങ്ങളും നോട്ടുബുക്ക് പേന ഉൾപ്പെടെ 1580 രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നും ഇവർ പറയുന്നു. ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് വാളത്തോട് മേഖലയിൽ സംഘം എത്തുന്നത് എന്നാണ് ഇവരുടെ ഭാഷ്യം. എന്നാല്‍ വിശദവിവരങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ ഇവർ തയ്യാറായില്ല. തണ്ടർബോൾട്ട് അംഗങ്ങൾ അടങ്ങുന്ന പൊലീസ് സംഘം ഈ മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
ഇരിട്ടി എടപ്പുഴയിലും മാവോയിസ്‌റ്റ് സംഘം: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസം ഇരിട്ടി എടപ്പുഴയിൽ സായുധരായ അഞ്ചംഗ മാവോയിസ്‌റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിലായിരുന്നു സംഭവം. തോക്കുകൾ കയ്യിലേന്തി എത്തിയ അഞ്ചംഗ സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയായിരുന്നു.