കണ്ണൂര്‍: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചെറുസംഘത്തിന് നേരെ മാവോയിസ്‌റ്റുകളുടെ ആക്രമണം. കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിന് കീഴിലുള്ള പ്രദേശത്ത് വച്ചാണ് മാവോയിസ്‌റ്റുകള്‍ വെടിവയ്‌പ്പ് നടത്തിയത്. ഉദ്യോഗസ്ഥ സംഘത്തെ കണ്ട മാവോയിസ്‌റ്റുകള്‍ ഓടിയടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം ഇങ്ങനെ:തിങ്കളാഴ്‌ച (30.10.2023) രാവിലെ 11 മണിയോടെയാണ് മാവോയിസ്‌റ്റ് അക്രമം ഉണ്ടായതെന്നാണ് കരുതുന്നത്. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചിയിൽ വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നാണ് വിവരം. വനത്തിൽ പരിശോധനയ്‌ക്കെത്തിയ വനപാലക സംഘത്തിനും വാച്ചർമാർക്കും നേരെയാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഓടുന്നതിനിടയിൽ വനപാലകർക്ക് പരിക്കേറ്റു. എന്നാല്‍ വെടിവയ്‌പ്പിൽ ആർക്കും പരിക്കില്ല.
തലവേദനയായി മാവോയിസ്‌റ്റ് സാന്നിധ്യം:കഴിഞ്ഞ ആറ് മാസമായി ഇരിട്ടി ആറളം മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാണ്. മൂന്ന് സ്ത്രീകളടങ്ങുന്ന 11 അംഗ സംഘത്തിന്‍റെ നേതൃത്വത്തിൽ സിപിഐ മാവോവാദി കമ്പനി ഏരിയ സമിതി എന്ന് എഴുതിയ പോസ്‌റ്ററുകളുമായി ഇവര്‍ പലപ്പോളും ഇവിടെ ഏത്താറുണ്ടെന്നാണ് വിവരം. ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഉടമകളാണെന്നും ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ് ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക എന്നിവയാണ് പോസ്‌റ്ററുകളിൽ എഴുതുന്ന പ്രധാന വാചകം.