കണ്ണൂർ: അയല്‍വാസിയായ വയോധികയുടെ വീടിന് തീയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാറക്കണ്ടി സ്വദേശി സതീഷാണ് (63) അറസ്റ്റിലായത്. പാറക്കണ്ടി മദ്യശാലയ്ക്ക് സമീപം താമസിക്കുന്ന ശ്യാമളയുടെ വീടാണ് കത്തി നശിച്ചത്.
കണ്ണൂരില്‍ വയോധികയുടെ വീടിന് തീയിട്ട പ്രതി അറസ്റ്റില്‍ - ആക്രി സാധനങ്ങള്‍
പാറക്കണ്ടി സ്വദേശിനി ശ്യാമളയുടെ വീടാണ് കത്തി നശിച്ചത്. പ്രതിയായ അയല്‍വാസി സതീഷ് അറസ്റ്റില്‍. ശ്യാമള വീടിന് സമീപം ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടതില്‍ രോഷാകുലനായാണ് സതീഷ് വീടിന് തീയിട്ടത്. വീട് പൂര്‍ണമായും കത്തി നശിച്ചു.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ശ്യാമള വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച വസ്‌തുക്കള്‍ വീടിന് സമീപം കൂട്ടിയിട്ടിരുന്നു. അത്തരത്തില്‍ ശേഖരിച്ച് കൊണ്ടുവരുന്ന വസ്‌തുക്കള്‍ കൂട്ടിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തീയിടാന്‍ കാരണമായത്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയും ഇയാള്‍ ശ്യാമളയുടെ വീട്ടിലെത്തി തീയിട്ടിരുന്നെങ്കിലും തീപടരാത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്‌ച വീണ്ടും തീയിട്ടത്. ഇയാള്‍ വീടിന് തീയിടുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.