കണ്ണൂർ:യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്‌സിനെയും രണ്ടു മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.15നാണ് സംഭവം. യുകെയിലെ കെറ്ററിങ്ങിൽ ജോലി ചെയ്‌തു വരികയായിരുന്ന കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെയാണ് പൊലീസ് കസ്റ്റഡിയിയിലെടുത്തത്.
യുകെയിൽ മലയാളി നഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ - കോട്ടയം സ്വദേശിനി
കോട്ടയം സ്വദേശിനിയായ യുവതിയും രണ്ടു മക്കളുമാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയായ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു
കോട്ടയം വൈക്കം സ്വദേശിനി അഞ്‌ജു(40), മക്കളായ ജാൻവി (4), ജീവ(6) എന്നിവരെയാണ് യുകെയിലുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഉടനെ പൊലീസിൽ അറിയിക്കുകയും പൊലീസ് എത്തി വീട് തുറന്നപ്പോൾ അഞ്‌ജുവിനെയും മക്കളെയും ചോര വാർന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയിൽ ഗവൺമെന്‍റ് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അഞ്‌ജു. ഭർത്താവ് സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുൻപാണ് ഇവർ യുകെയിൽ എത്തിയത്. ഭർത്താവ് സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌ത് വരികയാണ്.