കണ്ണൂർ: ചെണ്ടയുടെ രൗദ്രതാളവും ഓലച്ചൂട്ടിന്‍റെ പ്രഭയിലെ തെയ്യാട്ടവും ആസ്വദിക്കാൻ കാവുകൾ ഉണർന്നു തുടങ്ങിയിരിക്കുന്നു. കൊവിഡെടുത്ത മലബാറിലെ ഉത്സവക്കാലത്തിനാണ് ഇതോടെ ആരവമുയരുന്നത്. പൂരപ്പറമ്പില്‍ പണ്ടത്തെ തിരക്കില്ലെങ്കിലും ഭക്തിയോടെയുള്ള ആഘോഷങ്ങളെ വരവേല്‍ക്കുകയാണ് മലബാറുകാര്‍.
മലബാറില്‍ ഉത്സവ കാലത്തിന് ആരവമുയർന്നു - malabar theyyam started
ജില്ലയിലെ മറ്റു കാവുകളിലും ഇനി തെയ്യങ്ങളുടെ ചിലമ്പൊലി കേൾക്കാം.
എല്ലാ കൊവിഡ് നിയന്ത്രണങ്ങളോടെയും കല്യാശേരി മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിന്‍റെ ഭാഗമായ ചാമുണ്ഡി കോട്ടയിൽ കളിയാട്ടം ആരംഭിച്ചു. ഒരു കൈയ്യിൽ വാളും മറു കൈയ്യിൽ ശൂലവുമേന്തി മൂവാളൻകുഴി ചാമുണ്ഡിയുടെ തോറ്റം കാവുമുറ്റത്ത് ഉറഞ്ഞാടി. ഭഗവതി അരിയെറിഞ്ഞ് അണിയറയിലേക്ക് മടങ്ങിയശേഷം വിഷ്ണുമൂർത്തി തോറ്റം പാടി അരങ്ങുണർത്തി. പുലർച്ചെ ധൂളിയാർ ഭഗവതിയും തുടർന്ന് മൂവാളൻകുഴി ചാമുണ്ഡിയും വിഷ്ണുമൂർത്തിയും കാവിനെ ഉണർത്തിയതോടെ കാവുകൾ ഓരോന്നായി ഉണരുകയാണ്. ജില്ലയിലെ മറ്റു കാവുകളിലും ഇനി തെയ്യങ്ങളുടെ ചിലമ്പൊലി കേൾക്കാം. കൃത്യനിഷ്ഠക്കൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തിയാണ് ഓരോ ഭക്തരും കാവുകളിലേക്ക് എത്തുന്നത്. പ്രതീക്ഷകൾ കൊഴിഞ്ഞ കൊവിഡ് കാലത്തിന് ഒരു തിരിച്ച് വരവാണ് ഈ ഉത്സവക്കാലം.