കണ്ണൂര്‍ : മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിത യാത്രക്ക് പരിഹാരമാകാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും (Malabar overcrowded train journey issues). മംഗളൂരുവില്‍ നിന്നും നാഗര്‍കോവിലേക്കും തിരിച്ചുമുളള പരശുറാം എക്‌സ്പ്രസിലും എറണാകുളത്ത് നിന്നും ഉച്ച തിരിഞ്ഞ് നിസാമുദ്ദീന്‍ വരെ പോകുന്ന മംഗള എക്‌സ്പ്രസിലും കോയമ്പത്തൂരില്‍ നിന്ന് ഉച്ച തിരിഞ്ഞ് മംഗളൂരു വരെ പോകുന്ന എക്‌സ്പ്രസിലും നിന്ന് തിരിയാനാവാത്ത അവസ്ഥയാണ്. 22 ബോഗികളുമായി സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസിന് നാഗര്‍ കോവിലില്‍ പ്ലാറ്റ്‌ഫോം സൗകര്യം ഇല്ലാത്തതാണ് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാത്തതിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
പരാതി മനുഷ്യാവകാശ കമ്മിഷന്‍ വരെ എത്തിയിട്ടും പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. പ്ലാറ്റ്‌ഫോം നീളം കൂട്ടിയാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ. എന്നാല്‍, പരശുറാമിന്‍റെ തിരക്കിന് മാത്രമേ അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ.
ക്രിസ്‌തുമസ് അവധിക്കാലവും മധ്യവേനലവധിക്കാലവും വരികയാണ്. ഇക്കാലങ്ങളില്‍ തിരക്ക് ഇരട്ടിയാകും. അതിന് മുമ്പ് നാഗര്‍കോവിലെ പ്ലാറ്റ്‌ഫോം നീട്ടി പരശുറാം എക്‌സ്പ്രസിന് ബോഗികള്‍ വര്‍ധിപ്പാക്കാനാവില്ല. അടുത്ത വര്‍ഷം മാര്‍ച്ച് മാസം മാത്രമേ പ്ലാറ്റ്‌ഫോം നീട്ടല്‍ പൂര്‍ത്തിയാകൂ എന്നാണ് റെയില്‍വേ അധികാരികളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. റെയില്‍ യാത്രികര്‍ തിക്കിലും തിരക്കിലും പെട്ട് തളര്‍ന്ന് വീഴുന്ന അവസ്ഥയും ട്രെയിനുകളില്‍ പതിവാകും.
കടുത്ത വേനല്‍ ഉത്തര കേരളത്തെ ഗ്രസിച്ചു കഴിഞ്ഞു. കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലും മംഗളൂരു റൂട്ടിലും തളര്‍ന്നു വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ മാത്രം റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.