കണ്ണൂർ : മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ മൃതദേഹം കഷണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന (Body Found in Trolley in Makkottam). മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ചാണ് സൂചന ലഭിച്ചത്. പഴകിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. നിലവില്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച വസ്‌ത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏതാനും ദിവസം മുമ്പ് കണ്ണവത്ത് നിന്നും കാണാതായ യുവതിയുടേതാണോ മൃതദേഹം എന്ന അന്വേഷണത്തിലാണ് പൊലീസ്. എന്നാല്‍ കാണാതാകുന്നതിന് മുമ്പ് വീട്ടില്‍ നിന്നും പുറത്ത് പോയപ്പോള്‍ യുവതി ധരിച്ച വസ്‌ത്രം ഇതല്ലെന്ന് മാതാവ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കർണാടക പൊലീസ് (Makkottam Dead Body).
വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കൾ മടിക്കേരി മെഡിക്കൽ കോളജില്‍ എത്തി മൃതദേഹം കണ്ടിട്ടുണ്ട്. കേസിന്‍റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്ത് ഒരു യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.
അഴുകിയ മൃതദേഹം ട്രോളിയില്‍ കണ്ടെത്തി:കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 19) തലശേരി-കുടക് അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയില്‍ മൃതദേഹം (Dead Body Found in Kannur) ട്രോളി ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല് കഷണങ്ങളാക്കി ട്രോളിയില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ അപ്പുറത്ത് നിന്നാണ് ട്രോളി കണ്ടെത്തിയത്.