തലശ്ശേരി മാഹി ബൈപ്പാസ്; മെക്കാഡം ടാറിങ് തുടങ്ങി
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് വരെ 18.6 കിലോമീറ്ററാണ് തലശ്ശേരി മാഹി ബൈപ്പാസ്.
കണ്ണൂർ: തലശ്ശേരി മാഹി ബൈപ്പാസിൽ രണ്ട് കിലോമീറ്ററിൽ നാലുവരി മെക്കാഡം ടാറിങ് പൂർത്തിയായി. നാല് കിലോമീറ്റർ നീളത്തിൽ തലശ്ശേരി മാഹി ഈസ്റ്റ് പള്ളൂർ തലശ്ശേരി പാലം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടത്തിയത്. മഴ തുടങ്ങിയതിനാൽ പ്രവർത്തി മന്ദഗതിയിലാണ് ഇപ്പോൾ. പുഴക്ക് കുറുകെയുള്ള നാല് പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ സ്ലാബ് നിർമ്മാണത്തിലേക്കും കടന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് വരെ 18.6 കിലോമീറ്ററാണ് തലശ്ശേരി മാഹി ബൈപ്പാസ്. 1181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാത 30 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. 2018 ഒക്ടോബർ 30ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കാലവർഷം കഴിയുന്നതോടെ നേരത്തെയുള്ള വേഗത്തിൽ പ്രവർത്തി അതിവേഗം മുന്നോട്ട് പോകുമെന്നാണ് കരാറുകാർ പറയുന്നത്. തലശ്ശേരി മാഹി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കി ദേശീയപാതയിലൂടെ അതിവേഗം വാഹനങ്ങൾ കടന്നു പോകുന്ന പാതയാണ് തലശ്ശേരി-മാഹി ബൈപാസ്.