കണ്ണൂർ: മലബാറിലെത്തുന്ന സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന പ്രദേശമാണ് മയ്യഴി അഥവാ മാഹി. കഥാകാരന്മാരും കവികളും പാടിപ്പറഞ്ഞ് പുകഴ്ത്തിയ മയ്യഴിപ്പുഴയും മിത്തും ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്ന മാഹിയിലെ ചരിത്ര സ്മാരകങ്ങളും ഫ്രഞ്ച് ജീവിതത്തിന്‍റെ ശേഷിപ്പുകളും ഒക്കെയാണ് മാഹിയെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.
ഫ്രഞ്ച് ഭരണത്തിന്‍റെ ശേഷിപ്പുകളായ മൂപ്പന്‍റെ ബംഗ്ളാവും മറ്റു നിരവധി കെട്ടിടങ്ങളും മയ്യഴിയെ വേറിട്ടു നിര്‍ത്തുന്നു. മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്‍റെ വികൃതികളും വായിച്ച് മയ്യഴി കാണാനെത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാഹിയിലെ പ്രധാന ആകര്‍ഷണം പുഴയോര നടപ്പാതയാണ്. വളവില്‍ കടപ്പുറം മുതല്‍ മഞ്ചക്കല്‍ ബോട്ട് ഹൗസ് വരെ നീളുന്ന പുഴയോര നടപ്പാത ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. മനോഹരമായ അസ്തമനക്കാഴ്ചകള്‍ക്ക് കുടുംബ സമേതം സായാഹ്നങ്ങളില്‍ ഒത്തു ചേരുന്ന കുടുംബങ്ങള്‍ ഇവിടെ നിത്യകാഴ്ചയാണ്.
മയ്യഴിപ്പുഴയെ അറിയാനും അറബിക്കടലിന്‍റെ ഭംഗി ആസ്വദിക്കാനുമൊക്കെ എത്തുന്നവര്‍ വേറെ. തനിച്ചും കുടുംബമായും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള ഇടമാണ് മാഹി പുഴയോര നടപ്പാത. മയ്യഴിയെ തഴുകി ഒഴുകുന്ന പുഴയും മയ്യഴിയുടെ സാഹിത്യകാരന്‍ എം. മുകുന്ദന്‍ അദ്ദേഹത്തിന്‍റെ നോവലില്‍ വിശേഷിപ്പിച്ച ചാരനിറമുള്ള അറബിക്കടലും അടുത്തു കാണാന്‍ പുഴയോര നടപ്പാതയോളം പറ്റിയമറ്റൊരിടമില്ല.
ദാസനും ചന്ദ്രികയും അവരുടെ ആത്മാവിന്റെ താവളമാകുന്ന വെള്ളിയാങ്കല്ലിനെ കുറിച്ച് അറിയാനും കാണാനും മാഹിയിലെത്താം. വളവില്‍ കടപ്പുറത്തിനടുത്ത് എത്തിയില്ലെങ്കിലും അതിന് സമീപത്തു നിന്നും ആരംഭിച്ച് ഒരു കാലത്ത് ഫ്രഞ്ചു കാരുടെ ഭരണ സിരാ കേന്ദ്രമായിരുന്ന മൂപ്പന്‍സ് ബംഗ്ലാവിനടുത്തു കൂടെ കടന്നു പോകുന്ന നടപ്പാത മാഹിപ്പാലം കടന്ന് അതിനപ്പുറത്തേക്ക് മഞ്ചക്കല്‍ ബോട്ട് ഹൗസ് വരെ നീളുന്നു.രൂപഭംഗി കൊണ്ടും ആസ്വാദന വൈവിധ്യം കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാക് വേ ടാഗോര്‍ പാര്‍ക്കിനെ തൊട്ടുരുമ്മിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറോട്ടാണ് നടപ്പാതയുടെ നിര്‍മ്മിത രീതി. പുഴയില്‍ തൂണുകള്‍ പണിതാണ് നടപ്പാതയുടെ നിര്‍മ്മാണം. ഓവര്‍ഹെഡ് കേബിള്‍ കാര്‍ സിസ്റ്റം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ നടപ്പാതയില്‍ ഒരുക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതൊന്നും ഇതേവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അതൊന്നും വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നമല്ല.
കടലും പുഴയും സമ്മേളിക്കുന്ന മനോഹര ദൃശ്യം ഒരിക്കലല്ല ഒരു നൂറു തവണയെങ്കിലും ഈ നടപ്പാതയിലൂടെ കണ്ടാസ്വദിക്കുകയാണ് അവര്‍. നടന്നു കൊണ്ടു തന്നെ എല്ലാം ആസ്വദിക്കാനുള്ള അവസരമാണ് വാക് വേ യിലുള്ളത്. വാക് വേ ക്കു സമീപമുള്ള ടാഗോര്‍ പാര്‍ക്കില്‍ ഒരുക്കിയ ഇരിപ്പിടങ്ങളില്‍ ഇരുന്നും പുഴയും കടലും സംഗമിക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകളോളം ആസ്വദിക്കാം.