കണ്ണൂർ : സർക്കാറിന്‍റെ പൊതുമേഖല സ്ഥാപനമായ ക്ലെയ്‌സ് ആൻഡ് സെറാമിക്‌സിന്‍റെ കീഴിലുള്ള പഴയങ്ങാടി മാടായിയിലെ ഭൂമിയിൽ പൂക്കൃഷി വിജയം. ചൈന ക്ലേ ഖനന ഭൂമിയായ അര ഏക്കർ സ്ഥലത്ത് കെസിസിപിഎൽ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് വിജയം കണ്ടത്. മലപ്പുറത്ത് ഇതേ രീതിയിൽ കൃഷി ചെയ്‌ത കർഷകർക്കിടയിൽ നിന്നും കൃഷി രീതികൾ പഠിച്ച ശേഷം വിത്ത് കൂടി കൊണ്ടുവന്നാണ് മാടയിൽ കൃഷി ആരംഭിച്ചത്.
തൊഴിലാളികളും പൂർണമായി ചെണ്ടുമല്ലി കൃഷിയോട് സഹകരിച്ചതോടെ കഠിന പ്രയത്‌നത്തിന്‍റെയും കൂട്ടായ്‌മയുടെയും വിജയമായി പൂപ്പാടം മാറി കഴിഞ്ഞു. പദ്ധതി വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി കമ്പനി പല പദ്ധതികളും നടപ്പാക്കിയിരുന്നു. അതിന്‍റെ ഭാഗമായി പഴയങ്ങാടിയിൽ ആരംഭിച്ച ചകിരി ഉത്‌പനങ്ങളുടെ ഫാക്‌ടറിയിൽ നിന്ന് ശേഖരിക്കുന്ന ചകിരി ചോറും അതിൽ നിന്നുണ്ടാക്കുന്ന പ്രത്യേക വളവും അഗ്രി വിത്ത് എന്ന പേരിൽ പുറത്തിറക്കിയിരുന്നു.
ഈ വളം തന്നെയാണ് പച്ചക്കറി കൃഷിക്കും പൂ കൃഷിക്കും ഉപയോഗിച്ചത്. ഈ കൃഷിരീതി വ്യാപിപ്പിച്ചുകൊണ്ട് അടുത്തവർഷം സൂര്യകാന്തി കൃഷിയും, മുല്ല കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെസിസിപിഎൽ അധികൃതർ. കൂടാതെ കയർ ഫാക്‌ടറിയിലേക്കുള്ള ചകിരി സംഭരണത്തിന് വേണ്ടി തേങ്ങ ശേഖരിച്ച് അതിൽ നിന്ന് കെസിസിപിഎൽ കേരള എന്ന പേരിൽ കോക്കനട്ട് മിൽക്കും, കോക്കനട്ട് വെർജിൻ ഓയിലും പുറത്തിറക്കി കഴിഞ്ഞു.
പൊതുവിപണിയിൽ വലിയ ശൃംഖലയാണ് ഇന്ന് കെസിസിപിഎല്ലിന്‍റെ ഉത്‌പന്നങ്ങൾക്കുള്ളത്. 12 ഓളം ഉൽപ്പന്നങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു. കൂടാതെ സർക്കാർ ആശുപത്രിയിലേക്കുള്ള വിവിധതരത്തിലുള്ള ലായനികളും ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കുന്നു.