എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് കണ്ണൂര്‍ :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി (karuvannur bank scam) ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ (P R Aravindakshan arrest) അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (MV Govindan On PR Aravindakshan's Arrest ). ഇഡിയുടേത് വേട്ടയാടൽ ആണെന്ന് അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യം ചെയ്യലിനിടെ ഉണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞതിലെ പ്രതികാര നടപടിയാണിത്. തികച്ചും തെറ്റായ അന്യായ നടപടി. പാർട്ടിയുടേത് ഉറച്ച നിലപാട് ആണെന്നും സഹകരണ മേഖലയെ തകർക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഇ ഡി യുടെ ഭീഷണിക്ക് വഴങ്ങാൻ മനസില്ല. സിപിഎമ്മിലേക്ക് എത്താൻ ആരെയൊക്കെയാണ് ആവശ്യം, അവരിലേക്ക് ഇഡി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അറസ്‌റ്റിലായ പി ആർ അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിച്ചു. തെറ്റൊന്നും ചെയ്‌തിട്ടില്ലന്നും തന്നെ കേസിൽ കുടുക്കുകയാണെന്നും ഇ ഡി ഓഫിസിലേക്ക് പ്രവേശിക്കുന്നതിനിടെ പി ആർ അരവിന്ദാക്ഷന്‍ പ്രതികരിച്ചിരുന്നു. കള്ളനോ , കൊള്ളക്കാരനോ, കൊലപാതകിയോ അല്ലെന്നും തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ നിന്നും കസ്‌റ്റഡിയിലെടുത്താണ് അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിച്ചത്. വൈദ്യപരിശോധന ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.നേരത്തെ പല തവണ പി ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.
അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കസ്‌റ്റഡിയിലെടുത്തതെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ നേരത്തെ അറസ്‌റ്റിലായ സതീഷ് കുമാറിന്‍റെ ഇടനിലക്കാരനാണ് പി ആർ അരവിന്ദാക്ഷൻ എന്നാണ് ഇഡിയുടെ ആരോപണം. അതേസമയം ഇഡിക്കെതിരെ അരവിന്ദാക്ഷൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് വേഗത്തിൽ അറസ്‌റ്റിലേക്ക് നീങ്ങിയതെന്നാണ് സൂചന.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്‌റ്റ് ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് പി ആർ അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം ഈ കേസിൽ ആദ്യമായി അറസ്‌റ്റിലാകുന്ന സിപിഎം പ്രാദേശിക നേതാവാണ്. അതേസമയം കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണ പരിധിയിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം കെ കണ്ണൻ, എ സി മൊയ്‌തീൻ എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് പി ആർ അരവിന്ദാക്ഷൻ.
എം കെ കണ്ണനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. അടുത്ത വെള്ളിയാഴ്‌ച വീണ്ടും എം കെ കണ്ണനെ ചോദ്യം ചെയ്യാനിരിക്കെയാണ് നിർണായകമായ അറസ്‌റ്റിലേക്ക് ഇ ഡി കടന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിനു, കരുവന്നൂർ ബാങ്കിലെ അക്കൗണ്ടന്‍റ് ജില്‍സ്, ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ ഭാര്യ എന്നിവരെയും നിലവിൽ ഇഡി ചോദ്യം ചെയ്‌ത് വരികയാണ്.
കരുവന്നൂർ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്‌റ്റുകളിലേക്ക് നീങ്ങുമെന്നും ഇഡി വ്യക്തമാക്കിയിരുന്നു. അരവിന്ദാക്ഷന് ശേഷം എം കെ കണ്ണനിലേക്കും, എ സി മൊയ്‌തീനിലേക്കും നീങ്ങാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇ ഡി ഉദ്യേഗസ്ഥർ തന്നെ മർദ്ദിച്ചുവെന്ന പരാതി പൊലീസിന് നൽകിയത് പി ആർ അരവിന്ദാക്ഷനായിരുന്നു.
എന്നാൽ പി ആർ അവിന്ദാക്ഷന്‍റെ ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തള്ളിയിരുന്നു.
ചോദ്യം ചെയ്യൽ നടത്തിയത് ക്യാമറയ്ക്ക് മുന്നിലാണ്. പൂർണമായും സിസിടിവി നിരീക്ഷണമുള്ള ഓഫിസിൽ വച്ച് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് ഇഡി നിലപാട് സ്വീകരിച്ചത്. പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിൽ പൊലീസ് ഇ ഡി ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്‌തിരുന്നു.
എന്നാൽ പൊലീസ് തുടർ നടപടികളിലേക്ക് കടന്നിരുന്നില്ല. കരുവന്നൂർ കേസിൽ അന്വേഷണം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകാനും പൊലീസ് നടപടികളെ നിയമപരമായി നേരിടാനുമാണ് ഇഡിക്ക് നിർദേശം ലഭിച്ചത്. ഇഡിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസും നിയമോപദേശം തേടിയിരുന്നു. സിപിഎം നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിത നീക്കമാണ് ഇഡി നടത്തുന്നതെന്ന ആരോപണം സിപിഎം ശക്തമാക്കുകയാണ്.