വയനാട്/കണ്ണൂർ : പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ വച്ച് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.
വാക്കുതർക്കം കയ്യാങ്കളിയായി; ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു - ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു
കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. കൊല്ലം സ്വദേശി സിദ്ദിഖിനെയാണ് ലോറി ഡ്രൈവറായ നിഷാദ് കൊലപ്പെടുത്തിയത്. ജാക്കിലിവര്‍ കൊണ്ടായിരുന്നു മർദനം.
കൃത്യത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രയില്‍ നിന്ന് സിമന്‍റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള നെടുംപൊയില്‍ ചുരത്തില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദ്ദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും