കണ്ണൂർ:സാക്ഷരത മിഷൻ (Literacy Mission) നടത്തുന്ന പരീക്ഷക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മേൽനോട്ടം നൽകിയെന്ന സാക്ഷരത മിഷൻ അതോറിറ്റി ഡയറക്ടർ പി.എസ് ശ്രീകലയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന
സാക്ഷരത മിഷന്‍റെ പരീക്ഷയ്ക്ക് വാർഡ് തലത്തിൽ കൗൺസിലർമാരാണ് മേൽനോട്ട ചുമതല വഹിക്കേണ്ടത് എന്നാണ് ചട്ടം. എന്നാൽ ഇതിന് വിരുദ്ധമായാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരീക്ഷക്ക് മേൽനോട്ടം വഹിച്ചിരിക്കുന്നത്.
ഇക്കാര്യം സാക്ഷരത മിഷൻ അതോറിറ്റി ഡയറക്ടർ തന്നെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം ചർച്ചയായത്. മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂർ തുടർവിദ്യാകേന്ദ്രത്തിലാണ് നോഡൽ പ്രേരക് ബിന്ദുവിനും പ്രേരക് ഷീജയ്ക്കും കൗൺസിലർ ശ്രീജകുമാരിക്കുമൊപ്പം സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. ശശിധരനും പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ചതായി മിഷൻ ഡയറക്ടർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.