കണ്ണൂർ: കേരള ഫയർഫോഴ്‌സിനും മത്സ്യത്തൊഴിലാളികൾക്കുമൊപ്പം ജീവൻ രക്ഷാവിഭാഗത്തിൽ പ്രശംസിക്കേണ്ട വിഭാഗമാണ് ലൈഫ് ഗാർഡുകൾ. എന്നാൽ അവർ ഇപ്പോഴും പ്രതിസന്ധികളുടെ നടുവിലാണ്. വെയിലും മഴയുമേറ്റ് മനുഷ്യ ജീവന് കരുതൽ നൽകിയിട്ടും സർക്കാർ സഹായം ലഭ്യമാകാത്തതിലെ സങ്കടമാണ് ഓരോ ലൈഫ് ഗാർഡുമാർക്കും പറയാനുള്ളത്.
'ഞങ്ങളോട് എന്തിന് അവഗണന?'; ലൈഫ് ഗാർഡുമാർ ചോദിക്കുന്നു... കണ്ണൂർ പയ്യാമ്പലത്ത് 5 ലൈഫ് ഗാർഡുകളാണുള്ളത്. 15 വർഷത്തിലധികമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ പോലും ജോലിയിൽ സ്ഥിരപ്പെടുത്തിയിട്ടില്ല എന്നത് ഇവരുടെ പ്രശ്‌നങ്ങളുടെ ആക്കം കൂട്ടുന്നു.
നേവൽ വിഭാഗത്തിലെ വിരമിച്ച ഉദ്യോഗസ്ഥർ, സംസ്ഥാന മീറ്റിലെ നീന്തൽ താരങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗത്തിലെ ആളുകളെയാണ് ലൈഫ് ഗാർഡ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സർക്കാർ നേരിട്ട് ഇൻ്റർവ്യൂ നടത്തിയാണ് ഇവരുടെ നിയമനം. യോഗ്യതയിൽ മികച്ച നിലവാരം പുലർത്തുമ്പോഴും തങ്ങളോട് എന്തിനാണ് സർക്കാർ മുഖം തിരിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.
രാവിലെ 7 മണിക്ക് കടൽക്കരയിൽ എത്തുന്ന ഈ കാവൽ മക്കൾ രാത്രി 7 മണി വരെ വിനോദ സഞ്ചാരികൾക്ക് കാവലായി കടലിലുണ്ടാകും. മഴക്കാലമെത്തുമ്പോൾ കടലിലെത്തുന്ന വിനോദ സഞ്ചാരികളോട് ഇവർക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. 'തങ്ങളുടെ നിർദേശങ്ങൾ കേട്ട് മാത്രം കടലിലേക്ക് ഇറങ്ങുക. നിങ്ങൾക്ക് കരുതലാകാനാണ് കടൽക്കരയോടൊപ്പം ഞങ്ങൾ ചേരുന്നത്'.
നിരവധി മനുഷ്യ ജീവനുകൾക്ക് ജീവിതത്തിലേക്ക് തിരിച്ചുപോക്കിന് അവസരമൊരുക്കിയ ലൈഫ് ഗാർഡുകളെ ജീവിത പ്രതിസന്ധികളുടെ തിരമാലച്ചുഴികളിൽ നിന്ന് തിരിച്ചുകയറ്റേണ്ടത് ഭരണകൂടമാണ്.