കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ കാക്കാഞ്ചാൽ വാർഡില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ്. ജില്ലാ വരണാധികാരിക്കാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. 2015 ലെ വാർഡ് അതിർത്തി നിലനിർത്തി വേണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് നഗരസഭാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥി അട്ടിമറിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ കുറ്റക്കാരായ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എൽഡിഎഫ് സ്ഥാനാർഥി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കാക്കാഞ്ചാൽ വാർഡില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് എല്‍ഡിഎഫ് - കണ്ണൂര്‍
2015 ലെ വാർഡ് അതിർത്തി നിലനിർത്തി വേണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് നഗരസഭാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥി അട്ടിമറിച്ചുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തളിപ്പറമ്പിൽ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ വാർഡിന്‍റെ വടക്ക് ഭാഗം വെള്ളച്ചാലായിരുന്നു. എന്നാൽ, നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നബീസാ ബീവി 20-ാം വാർഡായ നേതാജിയിലെ 15 ഓളം വീടുകൾ കാക്കാഞ്ചാൽ വാർഡിൽ ഉൾപ്പെടുത്തി. അതിർത്തി പുനർനിർണയിച്ചു പുതിയ വീട്ടു നമ്പർ പതിച്ചു നൽകിയെന്നും റഫീഖ് വ്യക്തമാക്കി. 21-ാം വാർഡിലെ തുരുത്തിയിൽ 5 വർഷത്തിലധികമായി താമസിക്കുന്ന രണ്ട് പേരെയും മറ്റു വാർഡുകളിൽ നിന്നുള്ള 29 പേരെയും അനധികൃതമായി കാക്കാഞ്ചാലിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായും റഫീഖ് പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ തവണത്തെ കൗൺസിലർ കൂടിയായ നബീസ ബീവിയും നഗരസഭ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ശിക്ഷിക്കുകയും തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്യണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാതിയിൽ ആവശ്യപ്പെട്ടു. കാക്കാഞ്ചാൽ വാർഡിൽ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് യുഡിഎഫ് സ്ഥാനാർഥി കെ നബീസാ ബീവി വിജയിച്ചു വരുന്നത്.