കണ്ണൂർ: ളാവിൽ ശിവക്ഷേത്രം പുനരുദ്ധരിക്കാൻ ഹൈന്ദവ വിശ്വാസികളോടൊപ്പം ഇതരമത വിശ്വാസികളും. മതത്തിന്‍റെ പേരിലുള്ള അക്രമങ്ങൾ രാജ്യത്ത് നിത്യസംഭവമാകുമ്പോൾ മതസൗഹാർദത്തിന്‍റെ മനോഹര കാഴ്‌ചയാണ് തേർളായിൽ കാണാൻ സാധിക്കുന്നത്. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ തേർളായി എന്നത് ഒരു ദ്വീപ് സമൂഹമാണ്.
ളാവിൽ ശിവക്ഷേത്രം പുനരുദ്ധാരണം; മത സൗഹാർദത്തിന്‍റെ മാതൃകയുമായി തേര്‍ളായി ഗ്രാമം തീർത്തും മുസ്ലിം ഭൂരിപക്ഷ പ്രദേശം. വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പച്ചത്തുരുത്ത്. 195 ഏക്കർ വിസ്‌തീർണ്ണത്തിൽ ആണ് തേർളായി ഗ്രാമം പരന്നു കിടക്കുന്നത്. 135 കുടുംബങ്ങൾ വസിക്കുന്ന നാട്. ഇതിൽ നാല് കുടുംബങ്ങൾ മാത്രമാണ് ഹിന്ദുക്കളായുള്ളത്.
കരിങ്കല്ലിൽ തീർത്ത കൊത്തു പണികളും പ്രതിഷ്‌ഠയും വാസ്‌തുവുമെല്ലാം ക്ഷേത്രത്തിന്‍റെ പഴമ വിളിച്ചോതുന്നതാണ്. എന്നാൽ ആയിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം ഇടിഞ്ഞ് പൊളിയാറായ അവസ്ഥയിലാണ്. നാശത്തിന്‍റെ വക്കിലായ ക്ഷേത്രം നവീകരിക്കാൻ ഇതരമതവിശ്വാസികൾ കൈകോർത്തിരിക്കുകയാണ്.
ക്ഷേത്രത്തിന്‍റേതായ 50 സെന്‍റ് സ്ഥലമുണ്ടെങ്കിലും പുഴയോരത്ത് കാട് പിടിച്ച് വഴിയില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് ക്ഷേത്രത്തിന്‍റെ രൂപം മാറും. ക്ഷേത്രം നവീകരിക്കാനായി വാർഡ് മെമ്പർ മൂസാൻ കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലീം സഹോദരങ്ങൾ ഉൾപ്പെട്ട ജനകീയ കമ്മിറ്റി ഒരുങ്ങി കഴിഞ്ഞു. മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് ഒരു ആരാധനാലയം നശിച്ചുപോകാൻ അനുവദിക്കില്ലെന്നാണ് മൂസാൻ കുട്ടി പറയുന്നത്.
പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഉൾപ്പടെ പിന്തുണയോടെ ക്ഷേത്രത്തെ എല്ലാ ഹിന്ദു ആചാര ചടങ്ങുകളോടെ പുനരുദ്ധരിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി പ്രദേശവാസികളുടെ പിന്തുണയോടെ ക്ഷേത്രത്തിലേക്കുള്ള റോഡിനായി സ്ഥലം ഏറ്റെടുത്തു. ഒരു വർഷം കൊണ്ട് പുനരുദ്ധാരണം പൂർത്തീകരിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി വിശ്വാസി സമൂഹത്തിന്‍റെ സഹായവും അഭ്യർഥിക്കുകയാണ് ഈ നല്ല മനസുകാർ.