കണ്ണൂർ : കണ്ണൂർ പിലാത്തറയിലെ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിലേക്ക് കൈ കുത്തി കയറുമ്പോൾ മാതമംഗലം സ്വദേശിനി പി വി ലതികയ്ക്ക് തികഞ്ഞ ആത്മവിശ്വസമുണ്ട്. കയ്പ്പേറിയ ജീവിതാനുഭവങ്ങളുടെ ഭൂതകാലമായിരുന്നു ലതികയുടേത്. പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി വീടിന്റെ നാല് ചുവരുകള്‍ക്കുള്ളിൽ കഴിഞ്ഞ ലതിക സ്വന്തം മനക്കരുത്തുകൊണ്ട് നേടിയത് സ്വപ്നം കാണാവുന്നതിലും അപ്പുറം.
കൊൽക്കത്തയിൽ നടന്ന ഭിന്നശേഷിക്കാർക്കുളള നാഷണൽ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിത കൂടിയാണ് ലതിക. 2018ല്‍ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ലതിക പങ്കെടുത്തു. 2019ല്‍ ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ വെള്ളി നേടി.
ശാരീരിക വെല്ലുവിളിയില്‍ തളരാതെ ലതിക ഒടുവില്‍ കൊല്‍ക്കത്ത സാൾട്ട് ലെയ്ക്ക് സ്റ്റേഡിയത്തിൽ മാർച്ച് 18 മുതൽ 20 വരെ നടന്ന മത്സരത്തിൽ എട്ട് സംസ്ഥാനങ്ങളെ പിന്തള്ളിയാണ് ലതിക സ്വർണം നേടിയത്. വിധിയെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസം ആണ് വിജയങ്ങൾക്ക് പിന്നിൽ എന്ന് ലതിക പറയുന്നു. അന്താരാഷ്ട്ര പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയാണ് ലതികയുടെ ലക്ഷ്യം.
ലതികയ്ക്ക് എല്ലാ പിന്തുണയും നല്കി പവർ മാക്സ് ജിംനേഷ്യം സെന്ററും ഒപ്പമുണ്ട്. തന്റെ ഗ്രാമത്തില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ യാത്ര ചെയ്താണ് ലതിക ജിമ്മിലെ പരിശീലനത്തിന് എത്തുന്നത്. അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന വേദനയും ഇവര്‍ക്കുണ്ട്.
മത്സരത്തില്‍ ജയിക്കുമ്പോള്‍ കിട്ടുന്ന പണം കൊണ്ടാണ് പരിശീലനം നടത്തുന്നത്. 'എന്റെ സ്വപ്നങ്ങൾക്ക് നിറം പകരാനുള്ള യാത്രയിലാണ് ഞാൻ. എനിക്കൊരു ലക്ഷ്യമുണ്ട്. അത് നേടുക തന്നെ ചെയ്യും' ലതിക പറയുമ്പോൾ അതിന് പിന്തുണ നൽകാൻ സർക്കാറും തയ്യാറാകേണ്ടതുണ്ട്.