കണ്ണൂര്‍:കുന്നിന്‍പുറത്തുനിന്നും റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പ് മുയ്യം റോഡിന് സമീപത്തെ ഭ്രാന്തൻകുന്ന് എന്ന മലമുകളില്‍ നിന്നും ഉച്ചയ്ക്കാണ് മണ്ണ് റോഡിലേക്ക് ഇടിഞ്ഞത്. തലനാരിഴക്കാണ് കാൽനടയാത്രികരും ഓട്ടോറിക്ഷയും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
തളിപ്പറമ്പില്‍ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ സംഭവത്തില്‍ പരാതി ഉന്നയിച്ച് പ്രദേശവാസികള്‍. കനത്ത മഴയുടെ സാഹചര്യത്തിൽ കാൽനടയാത്രികരും വാഹനങ്ങളും ഏറെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് വികസനത്തിന് വേണ്ടിയാണ് കുന്നിന്‍റെ ഒരുഭാഗം ഇടിച്ചു മാറ്റിയിരുന്നു. ഇതിന്‍റെ മറുഭാഗത്തെ മണ്ണ് സ്വകാര്യ വ്യക്തികള്‍ എടുത്തുമാറ്റിയതോടെ റോഡിനോട് ചേർന്ന് നിൽക്കുന്ന ഭാഗം മാത്രം ബാക്കിയായി.
കനത്ത മഴയിൽ വെള്ളം ഇറങ്ങിയതോടെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. പറശിനിക്കടവിലേക്കും എയർപോർട്ടിലേക്കുമായി നിരവധിപേർ ഉപയോഗിക്കുന്ന റോഡിലാണ് സംഭവം. രണ്ട് വർഷങ്ങൾക്ക് മുൻപ് വാർഡ് മെമ്പർ അടക്കമുള്ളവർ അധികൃതർക്ക് പരാതി നൽകിയിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. അടിയന്തരമായി കുറുമാത്തൂർ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കുന്നിന്‍റെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ ഉന്നയിച്ചു.
ALSO READ:പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതികളെ റിമാന്‍റ് ചെയ്‌തു